വിയർപ്പിന്റെ ഗന്ധം പലരുടെയും മനസമാധാനം കളയുന്ന പ്രശ്നമാണ്. പെർഫ്യൂം ഉപയോഗിച്ചാണ് പലരും പ്രശ്നത്തെ നേരിടുന്നത്. എന്നാൽ യഥാർത്ഥ പ്രതിവിധി നമ്മുടെ ആഹാരപാനീയങ്ങളിലാണുള്ളത്. ദിവസവും 8 - 10 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിറുത്തി ദുർഗന്ധമകറ്റും.
അമിത മദ്യപാനം, കാപ്പിയുടെ അമിത ഉപയോഗം എന്നിവ ശരീരത്തിൽ അഡ്രിനാലിൻ കൂടുതൽ ഉത്പാദിപ്പിക്കും. ഇത് വിയർപ്പ് ദുർഗന്ധമുള്ളതാക്കും . അമിത മസാല, എരിവ് , വെളുത്തുള്ളി, ക്യാബേജ്, കോളിഫ്ളവർ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ചിലതരം മരുന്നുകളും വിയർപ്പിന് ദുർഗന്ധമുണ്ടാക്കും. ഡോക്ടറോട് പറഞ്ഞ് പ്രതിവിധി സ്വീകരിക്കാം. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയർപ്പിന് ദുർഗന്ധമുണ്ടാക്കും. മഗ്നീഷ്യമടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങൾ എന്നിവ കഴിക്കുക. മാനസികസമ്മർദ്ദം കാരണവും അമിത വിയർപ്പും ദുർഗന്ധവും ഉണ്ടാകും. അതിനാൽ മാനസികോന്മേഷം നിലനിറുത്തുക. ഈ മാർഗങ്ങൾക്ക് ഫലമുണ്ടായില്ലെങ്കിൽ വൈദ്യസഹായം തേടുക.