ന്യൂഡൽഹി: അമിത്ഷായുടെ പിൻഗാമിയായി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനും ആർ.എസ്.എസിന്റെ പൂർണ പിന്തുണയുമുള്ള നദ്ദയെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടപടികൾ ഇന്ന് പാർട്ടി ആസ്ഥാനത്ത് നടക്കും.
ബി.ജെ.പിയുടെ കേന്ദ്ര ആസ്ഥാനത്തു നടക്കുന്ന ചടങ്ങിലാകും നദ്ദ ചുമതലയേൽക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരാണ് നദ്ദയുടെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്കു നിർദേശിച്ചതെന്നാണ് സൂചന.
2014 ജൂലായിൽ രാജ്‌നാഥ് സിംഗ് മോദി മന്ത്രിസഭയിൽ അംഗമായതോടെയാണ് അമിത്ഷാ ദേശീയ അദ്ധ്യക്ഷനാവുന്നത്. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുചുമതല അമിത് ഷായ്ക്കായിരുന്നു. രാഷ്ട്രീയ-ജാതി സമവാക്യങ്ങൾ തിരുത്തിയെഴുതി യു.പി.യിൽ ബി.ജെ.പി.ക്കു ഭൂരിപക്ഷം നേടിയെടുത്ത ഷാ പിന്നീട് തന്റെ പ്രവർത്തനകേന്ദ്രം ഡൽഹിക്കു മാറ്റി. ഹിമാചലിൽ നിന്നുള്ള രാജ്യസഭാ എം.പിയായ നദ്ദ ജൂലായിലാണ് വർക്കിംഗ് പ്രസിഡആയത്. ഒന്നാം മോദി സഭയിൽ അംഗമായിരുന്നു.
ഹിമാചല്‍ പ്രദേശിൽ ജനിച്ച ജഗത് പ്രകാശ് നദ്ദ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനായി തുടങ്ങി അവിടെനിന്നാണ് ബി.ജെ.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആകുന്നത്. 1993ലും 98ലും ഹിമാചല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വിജയത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007ല്‍ പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായി. 2012 ഓടെ ദേശിയ രാഷ്ടീയത്തിലേക്ക് ചുവട് മാറ്റിയ നദ്ദ പിന്നീട് രാജ്യസഭാ അംഗമായി.