red-243

എന്തോ ചോദിക്കുവാനായി ചന്ദ്രകല നാവനക്കാൻ ശ്രമിച്ചു.

കഴിഞ്ഞില്ല.

നാവിനടിയിൽ പശ പറ്റിയതു പോലെ...

മുന്നിൽ കരിഞ്ഞതുപോലെ നിൽക്കുന്ന രൂപത്തിൽ നിന്നു കണ്ണുകൾ പിൻവലിക്കുവാനും കഴിഞ്ഞില്ല.

ആ മുഖത്ത് ഇടയ്ക്കിടെ വെള്ളപാണ്ഡു പിടിച്ചതുപോലെ വെളുപ്പിന്റെ അംശവും സൂക്ഷിച്ചു നോക്കിയാൽ കാണാം.

''മമ്മിക്ക് എന്നെ ഇപ്പോഴും മനസ്സിലായില്ലേ? പാഞ്ചാലി തന്നെയാണ് ഞാൻ."

ആ രൂപം ഒന്നു ചിരിച്ചു.

അവളുടെ ചുണ്ടുകളുടെ കുറച്ചുഭാഗവും കരിഞ്ഞടർന്നു പോയതുപോലെ...!

ചന്ദ്രകലയുടെ ഉള്ളു പുകഞ്ഞു. ഇവൾ കത്തിയെരിഞ്ഞ് വെള്ളത്തിലേക്കു വീഴുന്നത് തങ്ങൾ കണ്ടതാണല്ലോ. എന്നിട്ടെങ്ങനെ...?

അവളുടെ മനോഗതം പോലും പാഞ്ചാലി തിരിച്ചറിഞ്ഞു.

ഞാൻ എങ്ങനെ രക്ഷപ്പെട്ടു എന്നായിരിക്കും. അല്ലേ? നിങ്ങളുടെ മുന്നിൽ ഇങ്ങനെയെങ്കിലും ഒന്നു വരുവാൻ ദൈവം ബാക്കിവച്ചതാകും."

ചന്ദ്രകല ഉമിനീർ വിഴുങ്ങി. അത് പോലും നെഞ്ചിൽ കുരുങ്ങിയിരിക്കുന്നു. അരക്കുപോലെ...!

''നിങ്ങൾ എന്നോടു ചോദിച്ചിരുന്നെങ്കിൽ ഇക്കണ്ട സ്വത്തുക്കൾ മുഴുവൻ ഞാൻ നിങ്ങൾക്കു തന്നേനെയല്ലോ... അതിനു പകരം എന്റെ വിവേകിനെ നിങ്ങൾ ചതിച്ചു. എന്നെന്നേക്കുമായി എന്നെ അവസാനിപ്പിക്കുവാൻ ശ്രമിച്ചു..."

പാഞ്ചാലിയുടെ ശബ്ദത്തിൽ ഒരു നീറ്റൽ പടർന്നു.

''സ്വത്തും പണവും ഒന്നും വേണ്ടായിരുന്നു എനിക്ക്. എന്റെ പപ്പയുടെ മരണത്തോടെ അതെല്ലാം വേണ്ടെന്നു തീരുമാനിച്ചതായിരുന്നു ഞാൻ. വിവേകും ഞാനും കൂടി ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ പോയി ജീവിച്ചേനെയല്ലോ."

മുന്നിൽ നിൽക്കുന്നത് പാഞ്ചാലിയാണെന്ന് ഉറപ്പായിട്ടും സംസാരിക്കുവാൻ കഴിഞ്ഞില്ല ചന്ദ്രകലയ്ക്ക്."

പാഞ്ചാലിയുടെ ശബ്ദം ഒരുപാട് താഴ്ചയുള്ള ഏതോ കിണറ്റിൽ നിന്ന് തള്ളിയുയർന്നു വരുന്നതുപോലെ ചന്ദ്രകല കേട്ടു.

''ഞാൻ നിങ്ങൾക്ക് എന്ത് ദ്രോഹം ചെയ്തു മമ്മീ....?"

ഉത്തരമില്ല.

''ഒരാൾ തീപിടിച്ച് മരണത്തിനും ജീവിതത്തിനുമിടയിൽ കഴിയുന്നതിന്റെ വേദന നിങ്ങൾക്കറിയാമോ?"

മൗനം മാത്രം.

പാഞ്ചാലിയുടെ കണ്ണുകളിൽ തിളക്കം വർദ്ധിക്കുന്നത് ചന്ദ്രകല ശ്രദ്ധിച്ചു.

ഇരുട്ടിൽ മിന്നാമിനുങ്ങുകൾ തിളങ്ങുന്നതുപോലെയായിരുന്നു അത്.

അവൾ തിരിഞ്ഞ് തനിക്കു പിന്നിൽ നിൽക്കുന്നവരെ നോക്കി.

''ഇവരെ കൊണ്ടുപോ പുറത്തേക്ക്. എന്നിട്ട് ഞാൻ പറഞ്ഞതുപോലെ ചെയ്യ്."

മിന്നൽ വേഗത്തിൽ കരിമ്പടം പുതച്ച ഏതാനും പേർ പാഞ്ചാലിയെ കടന്നു മുന്നിലെത്തി.

അവർ ചന്ദ്രകലയുടെ കൈകളിൽ ബലമായി പിടിച്ചു.

ഇപ്പോൾ പെട്ടെന്ന് ചന്ദ്രകലയുടെ നാവനങ്ങി.

''അയ്യോ... പൊന്നുമോളേ... മമ്മിയോടു ക്ഷമിക്കെടീ. മമ്മിയെ ഒന്നും ചെയ്യല്ലേടീ..."

''പൊന്ന് മോള്...! മമ്മി...!"

പാഞ്ചാലി ചുണ്ടുകോട്ടി. ''നിരീശ്വരവാദികൾ അപകടം പറ്റുമ്പോൾ ദൈവത്തെ വിളിക്കുന്നതുപോലെയാണ് നിങ്ങളുടെ ഈ വാക്കുകൾ. രക്ഷപ്പെടാനുള്ള അവസാന ത്വര. ഇഞ്ചിഞ്ചായി വേദനിച്ച്, ഒരു ജന്മം മുഴുവൻ അനുഭവിച്ചാലും അവസാനിക്കാത്തത്ര പ്രയാസങ്ങൾ ഏതാനും മാസങ്ങൾകൊണ്ട് അനുഭവിക്കേണ്ടി വന്നവളാണ് മമ്മീ ഞാൻ. ആ എന്റെ മുന്നിൽ നിങ്ങളെപ്പോലെ ഒരാളുടെ കണ്ണീരിനോ നിലവിളിക്കോ ഉള്ള സ്ഥാനം ശവപ്പറമ്പിലാണ്."

കരിമ്പടം പുതച്ചവർ അപ്പോഴേക്കും ചന്ദ്രകലയെ മുറിക്കു പുറത്തേക്കു വലിച്ചിറക്കിയിരുന്നു.

അവർ അവളെ കൊണ്ടുപോയത് മുറ്റത്തേക്കാണ്.

വളരെ സാവധാനം പാഞ്ചാലിയും പിറകെ ചെന്നു.

ഉത്തരത്തിൽ തൂങ്ങിനിൽക്കുന്ന ശേഖരകിടാവിനെ കണ്ട് ചന്ദ്രകല ഞെട്ടിവിറച്ചു.

നടുമുറ്റത്ത് ഒരാൾ ഒരു മരക്കുറ്റി അടിച്ചു താഴ്‌ത്തി. വേറെ ചിലർ ചതച്ചെടുത്ത കാട്ടുവള്ളികൾ കൊണ്ടുവന്നു.

അവയുടെ ഓരോ അഗ്രം ചന്ദ്രകലയുടെ കൈകാലുകളിലും കഴുത്തിലും കെട്ടി. മറ്റേ അഗ്രം അടിച്ചുതാഴ്‌ത്തിയ കുറ്റിയിലും.

ഭ്രാന്തുപിടിച്ച ഒരു മൃഗത്തെ ബന്ധിച്ചിരിക്കുന്നതു പോലെയായി ചന്ദ്രകലയുടെ അവസ്ഥ.

''മോളേ... പാഞ്ചാലീ..."

ചന്ദ്രകല നിലവിളിച്ചു.

അത് പാഞ്ചാലി ചെവിക്കൊണ്ടില്ല. മറ്റൊരാൾ രണ്ടടി നീളമുള്ള ഒരു കമ്പു കൊണ്ടുവന്നു. അത് ചന്ദ്രകലയുടെ നട്ടെല്ലിനു മീതെ കഴുത്തിനു തൊട്ടുപിന്നിൽ വരെ ചേർത്തുവച്ചു.

ശേഷം കഴുത്തിലും നെഞ്ചിനു താഴെയും കാട്ടുവള്ളികൊണ്ട് ചുറ്റിക്കെട്ടി.

ചന്ദ്രകലയ്ക്ക് ഇനി മുന്നോട്ടുവളയാനോ തല കുനിക്കാനോ പറ്റാത്ത അവസ്ഥയായി.

എന്താണിവരുടെ ഉദ്ദേശ്യമെന്ന് ചന്ദ്രകലയ്ക്കു മനസ്സിലായില്ല.

പാഞ്ചാലി നേരെ ചന്ദ്രകലയുടെ മുന്നിൽ ചെന്നുനിന്നു.

''ഭാര്യയും കുട്ടികളുമുണ്ടായിരുന്ന എന്റെ പപ്പയെ വശീകരിച്ച് നിങ്ങൾ കൂടെക്കൂടി.അത് ശരിയായിരുന്നോ?"

''അല്ല..." ചന്ദ്രകല സമ്മതിച്ചു.

''എന്നിട്ട് എന്റെ മമ്മിയെയും പപ്പയെയും കൊല്ലിച്ചതിൽ ധാർമ്മികതയുണ്ടോ?"

''ഇല്ല..."

''എന്നോട് നിങ്ങൾ സ്നേഹത്തോടെയോ സത്യസന്ധമായോ പെരുമാറിയിട്ടുണ്ടോ?

''ഇല്ല..."

''എങ്കിൽ പറയൂ. ഇങ്ങനെയുള്ള നിങ്ങൾക്ക് ഞാൻ എന്തു ശിക്ഷ വിധിക്കണം?"

(തുടരും)