ലണ്ടൻ: രാജീകയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിട്ട ഹാരി- മേഗൻ ദമ്പതികളൾക്കെതിരെ വിമർശനവുമായി മേഗൻ മെർക്കലിന്റെ പിതാവ്. ബ്രിട്ടീഷ് രാജകുടുംബത്തിലെ "വിലകുറഞ്ഞ" മകൾ എന്നാണ് മേഗനെ പിതാവ് വിശേഷിപ്പിച്ചത്. ഓരോ പെൺകുട്ടിയും ഒരു രാജകുമാരിയാകാൻ ആഗ്രഹിക്കുന്നു, മേഗന് അത് ലഭിച്ചു എന്നാൽ പണത്തിനായി അവൾ പദവികളെല്ലാം വലിച്ചെറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനും ഇപ്പോൾ കാനഡയിലാണ് താമസം.
എന്നാൽ ഹാരി- മേഗൻ ദമ്പതികൾക്ക് പിന്തുണയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. 'രാജ്യം മുഴുവൻ ഹാരി- മേഗൻ ദമ്പതികൾക്ക് എല്ലാ ആശംസകളും" നേരുന്നുവെന്ന് ജോൺസൺ പറഞ്ഞു. അതേസമയം ഹാരിയുടെയും മേഗന്റെയും കാനഡയിലെ താമസം, സുരക്ഷ, റോയൽറ്റി തുടങ്ങിയ കാര്യങ്ങളിൽ കൊട്ടാരം വിശദീകരണം നൽകിയിട്ടില്ല.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ‘സീനിയർ അംഗങ്ങൾ' എന്ന പദവി ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി- മേഗൻ ദമ്പതികളുടെ ആവശ്യം അംഗീകരിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രാജകീയ പദവികൾ ഇനിമുതൽ ഉപയോഗിക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യേഗികമായി അറിയിച്ചു. ഇരുവരം ഇനി എലിസബത്ത് രജ്ഞിയുടെ പ്രതിനിധികളായിരിക്കില്ലെന്നും രാജദമ്പതികളെന്ന രീതിയിൽ പൊതുപണം ചെലവഴിക്കുന്നത് അവസാനിപ്പിച്ചതായും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയിൽ കൊട്ടാരം അറിയിച്ചു.
തന്റെ കൊച്ചുമകനും കുടുംബത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്നും അതിൽ സന്തോഷം ഉണ്ടെന്നും പ്രസ്താവനയിൽ എലിസബത്ത് രാജ്ഞി വ്യക്തമാക്കി. അവർ നേരിട്ട വെല്ലുവിളികൾ തിരിച്ചറിയുകയും കൂടുതൽ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജ്ഞി കൂട്ടിച്ചേർത്തു.