kerala-government

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. എന്നാല്‍,​ ഓർഡിനന്‍സില്‍ തീരുമാനിച്ച രീതിയില്‍ മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഓര്‍ഡിനൻസിൽ ഒപ്പിടാനോ തിരിച്ചയക്കാനോ ഗവര്‍ണര്‍ തയ്യാറായിട്ടില്ല.

സര്‍ക്കാരും ഗവർണറും തമ്മിൽ തര്‍ക്കം നിലനിൽക്കെ ഓര്‍ഡിനൻസിലെ അതേ കാര്യങ്ങൾ തന്നെ ഉൾപ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിട്ടുള്ളത്. 20 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് ബദൽ എന്ന നിലയിലാണ് ബില്ലിന്‍റെ കരട് തയ്യാറാക്കിയിട്ടുള്ളത്. ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനുവരി 30 മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനുള്ള ശുപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

അതേസമയം,​ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. എന്‍.പി.ആറുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും കേന്ദ്ര സെന്‍സസ് കമ്മിഷണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കും.

സെന്‍സസിന് ഒപ്പം എന്‍.പി.ആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.