ദാവോസ് : ഇന്ത്യയിലെ അറുപത്തിമൂന്ന് ശതകോടീശ്വരൻമാരുടെ കൈകളിലുള്ള സമ്പത്തിന്റെ മൂല്യം രാജ്യത്തിന്റെ പൊതു ബഡ്ജറ്റിനേക്കാൾ വലുത്. ജനസംഖ്യയിലെ കോടീശ്വരൻമാരായ ഒരു ശതമാനം കൈയ്യാളുന്ന സമ്പത്ത് രാജ്യത്തിന്റെ വാർഷിക ബഡ്ജറ്റിന്റെ നാലിരട്ടിയിലും അധികമാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള സമ്പത്തിന്റെ അന്തരം തുറന്നു കാട്ടുന്നതാണ് വേൾഡ് എക്കോണമിക് ഫോറം പുറത്തുവിടുന്ന ഈ കണക്കുകൾ. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ അമ്പതാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി ഓക്സ്ഫാം നടത്തിയ പഠനത്തിലാണ് സമ്പന്നരുടെ കൈകളിൽ കുന്നുകൂടുന്ന പണത്തെക്കുറിച്ചുളള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
സാമ്പത്തിക അസമത്വവും ലിംഗ അസമത്വവും തമ്മിലുള്ള ബന്ധവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്ത് സാമ്പത്തികമായി ഏറെ ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. അടുക്കള ജോലികളിൽ തളച്ചിടപ്പെടുന്ന സ്ത്രീകൾ അവിടെ ചെയ്യുന്ന ജോലിയുടെ മൂല്യം കണക്കാക്കപ്പെടുന്നില്ല. പാചകം, ശിശു പരിപാലനം, കുടുംബത്തിലെ മുതിർന്ന രോഗികളുൾപ്പടെയുള്ളവരുടെ പരിചരണം എന്നിങ്ങനെ നിരവധി ജോലികളിൽ സ്ത്രീകൾ ഏർപ്പെടുന്നു. റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഒരു മികച്ച സ്ഥാപനത്തിലെ സി.ഇ.ഒയ്ക്ക് ഒരു വർഷം ലഭിക്കുന്ന ശമ്പളം ഒരു സാധാരണ സ്ത്രീ തൊഴിലാളിയുണ്ടാക്കണമെങ്കിൽ 22,277 വർഷം തൊഴിലെടുക്കേണ്ടിവരും. സ്ത്രീകളുടെ അദ്ധ്വാനത്താൽ രാജ്യത്തിനുണ്ടാവുന്ന അഭിവൃത്തി വളരെ വലുതാണ്. മാന്യമായ വേതനം ലഭ്യമല്ലാതിരുന്നിട്ടു കൂടി ഉദ്ദേശം 93000 കോടി രൂപയുടെ അദ്ധ്വാനമാണ് രാജ്യത്തെ സ്ത്രീകളെല്ലാം കൂടി കഴിഞ്ഞ വർഷം ചെയ്തത്. ഈ തുക ബജറ്റിൽ വിദ്യാഭ്യാസത്തിനായി നീക്കിവെച്ച തുകയേക്കാൾ 20 മടങ്ങ് അധികമാണ്.
ജനങ്ങൾക്കിടയിലുള്ള സാമ്പത്തിക അസമത്വത്തിൽ ഇന്ത്യയുടെ അതേ അവസ്ഥ തന്നെയാണ് വികസനപാതയിലുള്ള മറ്റു രാഷ്ട്രങ്ങളിലെന്നും പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ദശാബ്ദത്തിനിടെ ആഗോളതലത്തിൽ കോടീശ്വരൻമാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. ലോകത്തെ 22 അതിസമ്പന്നരുടെ കൈകളിലുള്ള പണത്തിന്റെ മൂല്യം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മുഴുവൻ സ്ത്രീകളുടെ കൈവശമുള്ളതിനേക്കാളും കൂടുതലാണ്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം സാധാരണ ഗതിയിൽ കുറയില്ലന്നും അതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ഓക്സംഫാം ഇന്ത്യയുടെ സി.ഇ.ഒ അമിതാഭ് ബെഹർ ചൂണ്ടിക്കാട്ടുന്നു.