പാലാ: മൊബൈലിൽ നിന്നും അറിയാതെ കോൾ പോയതിനെ തുടർന്ന് യുവതിയെ വിളിച്ച് ശല്യപ്പെടുത്തിയ മധ്യവയസ്കനെ ഭർത്താവും പൊലീസും ചേർന്ന് പിടികൂടി. പുന്നന്താനം കോളനിയിൽ പുത്തൻകണ്ടം മധുസൂദനൻ (50) ആണ് അറസ്റ്റിലായത്. പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞ ഒരു മാസമായി ഇയാൾ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
നമ്പർ തെറ്റി മധുസൂദനന് ഒരു കോൾ പോയതിനെ തുടർന്ന് തന്നെ ഇയാൾ സ്ഥരമായി വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന് യുവതി ഭർത്താവിനെ അറിയിച്ചു. ശല്യം അസഹനീയമായതോടെ യുവതിയും ഭർത്താവും പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് നിർദേശ പ്രകാരം യുവതി കോളറെ പാലാ ബസ്റ്റാൻഡിൽ വിളിച്ചു വരുത്തി. യുവതി പറഞ്ഞ പ്രകാരം കൃത്യസ്ഥലത്തു തന്നെ മധുസൂദനൻ എത്തി. യുവതിയുടെ കൂടെ ഭർത്താവിനെ കണ്ട മധുസൂദനൻ രക്ഷപെടാൻ ശ്രമം നടത്തുന്നതിനിടെ ഭർത്താവിന്റെ കൈ കരണത്തു വീണു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മധുസൂദനനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.