actress-karthika

എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ ഒഴിവാക്കാൻ പറ്റാത്ത പേരുകളാണ് മോഹൻലാൽ-കാർത്തിക എന്നിവരുടേത്. അടിവേരുകൾ,​ താളവട്ടം,​ സന്മനസുള്ളവർക്ക് സമാധാനം,​ ഉണ്ണികളെ ഒരു കഥ പറയാം എന്നിങ്ങനെ നിരവധി സിനിമകളാണ് ലാൽ-കാർത്തിക താരജോഡികൾ മലയാളത്തിന് സമ്മാനിച്ചത്. എന്നാൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ അഭിനയത്തോട് വിട പറഞ്ഞ കാർത്തികയും മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും കഴിഞ്ഞ ദിവസം വീണ്ടും കണ്ടുമുട്ടി.

കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ലാൽ. ചടങ്ങിൽ പങ്കെടുക്കാൻ വൈകുന്നേരത്തോടെ എത്തിയ താരം മിനിറ്റുകളോളം വേദിയിൽ ചെലവിട്ട ശേഷമാണ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പൂജയാണ് വധു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാർത്തികയുടെ സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. കഴിഞ്ഞ ജൂണിലായിരുന്നു വിവാഹനിശ്ചയം. വിനീത്,​ സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.