mohan-lal

മലയാളികളുടെ സ്വീകരണമുറിയിൽ താരമായി വീണ്ടും ബിഗ് ബോസ് വിരുന്നെത്തിയിരിക്കുകയാണ്. ആദ്യ സീസണിലേതു പോലെ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെയാണ് ഇക്കുറിയും ബിഗ് ബോസിന്റെ അവതാരകനായി എത്തിയിരിക്കുന്നത്. എന്നാൽ ഷോ ആരംഭിച്ച് ആദ്യ ആഴ്ച തന്നെ മോഹൻലാൽ നടത്തിയ ഒരു പ്രസ്താവന വിവാദമായിരുന്നു. 'ഉയരും ഞാൻ നാടാകെ' എന്ന സിനിമയിലെ പാട്ടിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വിവാദമായത്. 'ഞാൻ പാടി' എന്ന് താരം പറഞ്ഞ വാക്കുകൾ ചില കുബുദ്ധികൾ തെറ്റായി വ്യാഖ്യാനിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാക്കുകയായിരുന്നു. ഈ ഗാനം മോഹൻലാലല്ല ആലപിച്ചതെന്നും പാട്ട് പാടിയെന്ന് പറഞ്ഞതിലൂടെ യഥാർത്ഥ ഗായകനിൽ നിന്നും താരം പാട്ടിനെ തട്ടിയെടുത്തു എന്നുമൊക്കെയായിരുന്നു ആരോപണം. എന്നാൽ ബിഗ് ബോസിൽ കഴിഞ്ഞ ദിവസം അവതാരകനായി എത്തിയപ്പോൾ തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തയെ കുറിച്ച് മോഹൻലാൽ മനസ് തുറന്നു. താൻ പാടി എന്ന് പറഞ്ഞതിലൂടെ പാടി അഭിനയിച്ചു എന്നാണ് അർത്ഥമാക്കിയതെന്ന് പറഞ്ഞ താരം ആർക്കെങ്കിലും എന്തെങ്കിലും തെറ്റി ധാരണയുണ്ടായെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞു. താരം മാപ്പു പറഞ്ഞതോടെ മോഹൻലാലിന്റെ വിനയത്തെക്കുറിച്ചായി സോഷ്യൽ മീഡിയയിലെ പിന്നീടുള്ള ചർച്ചകൾ.

മോഹൻലാൽ പറഞ്ഞതിങ്ങനെ

കഴിഞ്ഞ ആഴ്ചയിൽ ഞാൻ ഒരാളോട് ഒരു പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ (അദ്ദേഹത്തിന്) അറിയില്ലായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാൻ പാടിയ പാട്ടാണെന്ന്. അങ്ങനെ പറഞ്ഞാൽ ഞാൻ പാടി അഭിനയിച്ചു എന്നാണല്ലോ ഞാൻ അർഥമാക്കുന്നത്. അത് 38 വർഷം മുൻപുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേർ അത് തെറ്റിദ്ധരിച്ചു, ഞാൻ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാൻ അങ്ങനെയല്ല അർഥമാക്കിയത്. ഞാൻ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാൻ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതിൽ, അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിന് സോറി പറയുന്നു.