കോട്ടയം : കടുത്തുരുത്തിയിൽ വീട്ടിൽ തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച നാടോടി സ്ത്രീയെ ഇതുവരെയും കണ്ടെത്തിയില്ല. കഴിഞ്ഞ ദിവസമാണ് തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നാടോടി സ്ത്രീ വീട്ടിനുള്ളിൽ കയറി കവരാൻ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തിക്ക് സമീപം അലരിയിൽ കുന്നശ്ശേരിൽ കുഞ്ഞുമോന്റെ വീട്ടിലാണ് സംഭവം. ശബ്ദം കേട്ട് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന അമ്മ ഓടിയെത്തിയപ്പോഴാണ് തൊട്ടിലിൽ നിന്ന് സ്ത്രീ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നതു കണ്ടത്. ഒരു നിമിഷം സ്തബ്ദയായ അമ്മ ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇതോടെ നാടോടി സ്ത്രീ വീട്ടിൽ നിന്നും ഇറങ്ങിയോടി. ഇവർക്കൊപ്പം മറ്റൊരു സ്ത്രീയും ഉള്ളതായി കുഞ്ഞിന്റെ അമ്മ അറിയിച്ചു. സംഭവസമയത്ത് കുഞ്ഞും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മറ്റുള്ളവർ സമീപത്തെ പള്ളിയിലായിരുന്നു.സംഭവമറിഞ്ഞ് നാട്ടുകാർ മണിക്കൂറുകളോളം നാടാകെ തിരഞ്ഞെങ്കിലും നാടോടി സ്ത്രീകളെ കണ്ടെത്താനായില്ല. മുഷിഞ്ഞ സാരിയുടുത്ത, 40 വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയാണ് വീട്ടിൽ കയറിയതെന്ന് അമ്മ പോലീസിനോട് പറഞ്ഞു.