o-rajagopal

തിരുവനന്തപുരം: സംസ്ഥാന ഗവർണറും സർക്കാരുമായുള്ള തർക്കത്തിൽ ഗവർണർ സംയമനം പാലിക്കണമെന്ന് ഒ.രാജഗോപാൽ എം.എൽ.എ പറഞ്ഞു. തർക്കങ്ങൾ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്. മുഖ്യമന്ത്രിയും ഗവർണറും ഭരണ കേന്ദ്രങ്ങളാണ്. ആർക്കും കോടതിയെ സമീപിക്കാം. എന്നാൽ,​ മറ്റു വഴികൾ തേടേണ്ടിയിരുന്നുവെന്നും ഒ.രാജഗോപാൽ പറഞ്ഞു.

കേരളത്തിൽ ഭരണത്തിന് നേതൃത്വം നല്‍കുന്ന രണ്ട് സുപ്രധാന കേന്ദ്രങ്ങളാണ് ഗവർണറും മുഖ്യമന്ത്രിയും. രണ്ട് പേർക്കും ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുണ്ട്. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേർ ഇങ്ങനെ പെരുമാറുന്നത് ശരിയല്ല. വ്യക്തിപരമായി മുഖ്യമന്ത്രിയുമായും ഗവർണറുമായും നല്ല ബന്ധമാണ്. അതുകൊണ്ട് തന്നെ തർക്കത്തിൽ ഇടപെട്ട് പ്രശ്നം പരിഹരാരത്തിന് ശ്രമിക്കാം. ഭരണാധികാരികളെ ജനങ്ങൾ ആദരവോടെയാണ് കാണുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും രാജഗോപാൽ പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രിംകോടതിയെ സമീപിച്ച വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ കൂടിക്കാഴ്ച. ഹർജി നൽകാനിടയായ സാഹചര്യങ്ങൾ ചീഫ് സെക്രട്ടറി വിശദീകരിച്ചു. റൂൾസ് ഒഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാർ നിലപാട് ഗവർണറെ അറിയിച്ചതായാണ് വിവരം.