റിപ്പബ്ളിക് ദിനത്തിൽ പതിവ് തെറ്റിക്കാതെയുള്ള ആമസോൺ ഫ്ളിപ്കാർട്ട് ഓഫർ പെരുമഴ ഇക്കുറി നേരത്തേ തുടങ്ങി. ജനുവരി 19 മുതൽ 22 വരെയാണ് ഉത്പന്നങ്ങൾക്ക് എൺപത് ശതമാനം വരെ വിലകുറച്ചുള്ള വിൽപ്പന. തൃശൂർ പൂരത്തിന്റെ ആവേശത്തിലാണ് രണ്ടു ഇകൊമേഴ്സ് കമ്പനികളും മത്സരിച്ച് ഓഫറുകൾ നിരത്തുന്നത്. വിൽപ്പനയിലും ഉപഭോഗത്തിലുമുള്ള കുറവുകളുടെ കണക്ക് നിരത്തി രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നു എന്ന് വാദിക്കുന്നവരുടെ കണ്ണുതള്ളിക്കുന്നതാണ് അടുത്തിടെ ഓൺലൈൻ വഴിയുള്ള വ്യാപാരത്തിലുണ്ടാവുന്ന വർദ്ധനവ്. ആമസോണിലേയും ഫ്ളിപ്കാർട്ടിലേയും ഓഫറുകളെ കുറിച്ച് അറിയാം.
ആമസോൺ
ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. നാൽപ്പത് ശതമാനം വരെ വിലക്കുറവിൽ ഓഫർ ദിനങ്ങളിൽ ഇഷ്ട ഫോൺ സ്വന്തമാക്കാനാവും. ഷവോമി,ഒപ്പോ,റിയൽമീ,വിവോ തുടങ്ങി എല്ലാ ബ്രാൻഡുകൾക്കും ആകർഷകമായ ഓഫറുകൾ നൽകിയിട്ടുണ്ട്. ഇതോടൊപ്പം വൻ വിലക്കുറവിൽ മൊബൈൽ ആക്സസറികൾ വിൽക്കും. സ്മാർട് ടിവികൾക്കും വിലക്കുറവുണ്ട്. അതേസമയം ലൈഫ്‌സ്റ്റൈൽ, ഫാഷൻ ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവാണ് ആമസോണിലുള്ളത്. എൺപത് ശതമാനം വരെയാണ് വിലക്കുറവ്. ഒന്നിച്ച് പണമടയ്ക്കാതെ ഇ.എം.ഐ വഴി തവണ വ്യവസ്ഥയിലും ആമസോണിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യാം. എസ്.ബി.ഐ കാർഡുപയോഗിച്ച് പണമടയ്ക്കുന്നവർക്ക് വിലയിൽ പത്ത് ശതമാനം കിഴിവും ലഭിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 22 ന് അവസാനിക്കും.
ഫ്ളിപ്കാർട്ട്
ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ സെയിലിൽ ഏറ്റവും വിലക്കുറവ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കാണ്. എൺപത് ശതമാനത്തോളം വിലക്കുറവിൽ ഇലക്ട്രോണിക്സ് ആക്സസറീസ് ലഭിക്കും. ഇതിനൊപ്പം വിമാനടിക്കറ്റുകളും ഓഫർ വിലയിൽ വാങ്ങാനും ഫ്ളിപ്കാർട്ടിലൂടെ സാധിക്കും. എല്ലാ ബ്രാൻഡ് ഉത്പന്നങ്ങൾക്കും വിലക്കിഴിവ് ഉറപ്പാക്കുന്ന ഡീലാണ് ഫ്ളിപ്കാർട്ടിന്റേത്. ഇതോടൊപ്പം ബ്ലോക്ക്ബസ്റ്റർ ഡീലുകൾ, റഷ് അവേഴ്സ്, പ്രൈസ് ക്രാഷ് എന്നിങ്ങനെ ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി വാഗ്ദാനങ്ങളും ഫ്ളിപ്കാർട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്മാർട് വാച്ചുകൾക്ക് 50 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. കോട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് കാർഡുകളുപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് ഓഫർ തുകയ്ക്ക് പുറമേ പത്ത് ശതമാനം അധിക കിഴിവും നൽകുന്നുണ്ട്.