aa-rahim

കൊച്ചി: സിറോ മലബാർ സഭയുടെ ലൗ ജിഹാദ് വിവാദത്തിൽ ആരോപണവുമായി ഡി.വൈ.എഫ്‌.ഐ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിറോ മലബാർ സഭാ നേതൃത്വം വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ മത വിശ്വാസത്തിന്റെ പേരിൽ ചുട്ടെരിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളെ എത്ര പെട്ടെന്നാണ് സഭാ നേതൃത്വം മറക്കുന്നതെന്നും എറണാകുളത്ത് വാർത്ത സമ്മേളനത്തിൽ റഹിം വ്യക്തമാക്കി.

കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പൊലീസ് മേധാവി തന്നെ പറഞ്ഞിരുന്നു. എന്നിട്ടും എന്ത് സാഹചര്യത്തിലാണ് സഭ ലൗ ജിഹാദ് ആരോപണം ആവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും റഹിം പറഞ്ഞു. ലൗ ജിഹാദ് എന്നത് ആർ.എസ്.എസിന്റെ പ്രഖ്യാപിത അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ മുസ്ലിങ്ങളെയാണ് ആർ.എസ്.എസ് ലക്ഷ്യം വെക്കുന്നത്. നാളെയത് ക്രിസ്ത്യാനികളെയാവും. അതിനാൽ ഇത്തരം പരാമർശങ്ങൾ ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ കാരണമാകുമെന്നും റഹിം പറഞ്ഞു.

ലൗ ജിഹാദിനെതിരെ ഇന്നലെ സിറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു. അധികൃതർ ലൗ ജിഹാദ് വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും, കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നു. എന്നാൽ ഇടയലേഖനത്തിനെതിരെ പ്രതിഷേധവുമായി സീറോ മലബാർ സഭയിലെ തന്നെ ഒരു കൂട്ടം വൈദികർ രംഗത്തെത്തിയിരുന്നു.