kim-wife-

ലണ്ടൻ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, തന്റെ പ്രവർത്തനശൈലികൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റാറുണ്ടെങ്കിലും ആ രാജ്യത്തെ പ്രഥമ വനിത കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചുള്ള വിവരങ്ങളൊന്നും അവിടം വിട്ട് പുറത്തേക്കൊന്നും വന്നിട്ടില്ല. രാഷ്ട്രത്തലവന്മാരുടെ ഭാര്യമാർ വാർത്തകളിൽ പലപ്പോഴും ഇടംപിടിക്കുമ്പോഴാണ് ഉന്നിന്റെ ഭാര്യ റി സോൾ ജു 'ഇരുമ്പുമറയിൽ' മറഞ്ഞിരിക്കുന്നത്. വല്ലപ്പോഴുമൊരിക്കൽ ഉന്നിനൊപ്പം ചില പൊതുചടങ്ങുകളിൽ റി സോൾ പങ്കെടുത്താലായി. അപ്പോഴും ഒന്നും മിണ്ടില്ല. ആ ചുണ്ടിൽ, ചെറിയൊരു പുഞ്ചിരിമാത്രമാവും വിടരുക. ഉന്ന് വാർത്തകളിൽ ഇടംപിടിക്കുമ്പോഴെല്ലാം റി സോളിന് എന്താണ് അതേക്കുറിച്ചൊക്കെ അഭിപ്രായമെന്ന് പലരും തിരക്കാറുണ്ട്. അതിനായി ഗൂഗിളിൽ പരതുന്നവരുമുണ്ട്. പക്ഷേ, നിരാശമാത്രമാവും ഫലം. പക്ഷേ, ഉന്നിനൊടൊത്തുള്ള അവരുടെ ജീവിതം അത്ര സുഖകരമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു അടിമയെപ്പോലെയാണ് റി സോളിന്റെ ജീവിതമത്രേ. എപ്പോൾ ഉറങ്ങണം, എപ്പോൾ ഉണരണം എന്നുതുടങ്ങി എങ്ങനെ ചിരിക്കണം, എന്തുവസ്ത്രം ധരിക്കണം എന്നെല്ലാം കിം തീരുമാനിക്കുമെന്നാണ് പ്രചരിക്കുന്നത്. പക്ഷേ, ഇതിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് ആർക്കും വ്യക്തവുമല്ല.

അങ്ങനെ വധുവായി

ചൈനയിൽ നിന്ന് സംഗീതത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് റിസോൾ. അച്ഛൻ പ്രൊഫസർ, അമ്മ ഡോക്ടർ. 2005ൽ തെക്കൻ കൊറിയയിൽ വച്ചുനടന്ന എഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വടക്കൻ കൊറിയൻ ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള ചിയർ ലീഡേഴ്സ് ടീമിൽ റി സോളും അംഗമായിരുന്നു. അന്നാണത്രേ റി സോളിന്റെ സൗന്ദര്യം കിം ജോങ് ഉന്നിന്റെ അച്ഛൻ കിം ജോങ് ഇല്ലിന്റെ ശ്രദ്ധയിൽപ്പെട്ടത്. 2008ൽ തളർവാതം പിടിപെട്ട് കിടക്കുമ്പോഴാണ് റി സോളിനെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇൽ ഉത്തരവിട്ടത്. വിവാഹത്തിന് മുമ്പ് റി സോളിന്റെ പേര് മറ്റൊന്തോ ആയിരുന്നു. ആ പേര് കണ്ടെത്താൻ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. ജനനത്തീയതിയും പ്രായവും കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇതുതന്നെയായിരുന്നു അവസ്ഥ. വിവാഹശേഷം റി സോൾ മാതാപിതാക്കളെ കണ്ടത് ഒന്നോ രണ്ടോ തവണ മാത്രം. റി സോളിന്റെ അച്ഛൻ പലപ്പോഴും തലസ്ഥാനത്തുണ്ടെങ്കിലും മകളെ കാണാൻ അനുവാദമില്ലായിരുന്നു. തന്റെ മകളാണ് കിമ്മിന്റെ ഭാര്യ എന്നുപോലും ആ അച്ഛൻ പുറത്ത് പറഞ്ഞിട്ടില്ലത്രേ.

kim-wife-

വേഷത്തിലും കിം..

റി സോൾ ഏതുവേഷം ധരിക്കണമെന്ന് തീരമാനിക്കുന്നത് കിം തന്നെയാണ്. വിവാഹത്തിനുമുമ്പ് അല്പം അടിപൊളിയായ വേഷങ്ങളായിരുന്നു റി സോൾ ധരിച്ചിരുന്നത്. വിവാഹത്തോടെ അതുമാറി. വസ്ത്രങ്ങൾ വാങ്ങുന്നത് കിമ്മിന്റെ നേരിട്ടുള്ള നിർദ്ദേശത്താലായിരുന്നു. റി സോളിന്റെ താത്പര്യങ്ങൾ ഇക്കാര്യത്തിൽ ഒരിക്കൽപ്പോലും പരിഗണിച്ചിരുന്നില്ല. മികച്ച പാട്ടുകാരിയാണത്രേ റി സോൾ. വിവാഹത്തിന് മുമ്പ് അവർ പാടിയ ചില പാട്ടുകൾക്ക് നല്ല പ്രചാരം കിട്ടിയിരുന്നു. വിവാഹം കഴിഞ്ഞതോടെ ആ പാട്ടുകളെല്ലാം കിമ്മിന്റെ സൈനികർ തേടിപ്പിടിച്ച് കണ്ടെത്തി. ഭാര്യയുടെ സുന്ദര ശബ്ദം മറ്റാരും കേൾക്കാതിരിക്കാനാണത്രേ ഇത്. റി സോൾ ഉൾപ്പെട്ട ചിയർ ലീഡേഴ്സിന്റെ ചിത്രങ്ങളുടെ അവസ്ഥയും ഇതുതന്നെ.

kim-wife-

മിണ്ടാനും വേണം അനുവാദം..

ഭാര്യ ആരോട്, എപ്പോൾ, എങ്ങനെ മിണ്ടണം എന്നും കിം തന്നെയാണ് തീരുമാനിക്കുന്നത്. ഭർത്താവിനൊപ്പമല്ലാതെ ചടങ്ങുകൾക്കൊന്നിനും റി സോളിന് പോകാൻ അനുവാദമില്ല. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഫോട്ടോയ്ക്ക് എങ്ങനെ പോസുചെയ്യണമെന്നും എങ്ങനെ ചിരിക്കണമെന്നും കിം പറയും. റി സോളിന് മൂന്നുകുട്ടികളുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ ചിത്രമോ വിവരങ്ങളോ ഇതുവരെ ഒരിടത്തും പ്രത്യക്ഷപ്പെട്ടില്ല. റി സോൾ ഗർഭിണിയായിരുപ്പോഴുള്ള ചിത്രംപോലും പുറത്തു വന്നിട്ടില്ല. രാജ്യം വിട്ട് മറ്റൊരിടത്തും പോകാൻ ഭാര്യയെ കിം അനുവദിച്ചിരുന്നില്ല. കുറച്ചുനാൾ മുമ്പ് കിം ചൈനയിൽ പോയപ്പോൾ റി സോൾ അനുഗമിച്ചിരുന്നു.