ക്വലാലംപൂർ: മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയ ഇന്ത്യയുടെ നീക്കത്തിൽ പ്രതികരിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് രംഗത്ത്. ഞങ്ങൾ വളരെ ചെറിയൊരു രാജ്യമാണെന്നും ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്നും മഹാതീർ മുഹമ്മദ് പറഞ്ഞു. ലങ്കാവി സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഇറക്കുമതി നിർത്തിയത് ഞങ്ങൾക്ക് തിരിച്ചടിയാണ്. ഇത് തരണം ചെയ്യാൻ മലേഷ്യ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം വീണ്ടും എതിർത്തു. സുതാര്യമായ നടപടിയല്ല ഇന്ത്യ സ്വീകരിച്ചതെന്ന് മഹാതീർ മുഹമ്മദ് കുറ്റപ്പെടുത്തി. മലേഷ്യയിൽ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയിൽ ഇറക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇറക്കുമതി ഈ മാസം മുതൽ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഇലട്രോണിക്സ് ഉത്പന്നങ്ങൾക്കും ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
ഇതിനിടെ ഇന്ത്യയുമായി പിണക്കം മാറ്റാൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ചർച്ചയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യക്കെതിരായ പ്രസ്താവനയെ തുടർന്ന് സോഷ്യൽ മീഡിയയിൽ 'ബോയ്‌ക്കോട്ട് മലേഷ്യ' എന്ന ഹാഷ്ടാഗോടെ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. തുർക്കി, മലേഷ്യ എന്നിവരുമായി യാതൊരു വിധ വ്യാപാര ബന്ധവും വേണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ദേശീയവാദികൾ ഉയർത്തിയത്.
മലേഷ്യയിൽ നടന്ന ക്വാലാലംപൂർ ഉച്ചകോടിക്കിടെയാണ് മഹാതീർ മുഹമ്മദ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ചത്. 'ഈ നിയമത്തിന്റെ ആവശ്യമെന്താണ്. 70 വർഷത്തിലധികമായി ഇന്ത്യക്കാർ ഐക്യത്തോടെ ജീവിക്കുകയായിരുന്നു. മൂന്ന് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കാണ് പുതിയ നിയമം വഴി ഇന്ത്യ പൗരത്വം നൽകുന്നത്. എന്നാൽ ഇതിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണ്. നിയമത്തിനെതിരായ പ്രതിഷേധത്തിൽ ജനങ്ങൾ മരിച്ച് വീഴുകയാണ്. മലേഷ്യയിലാണ് ഈ നിയമം വരുന്നതെങ്കിൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാനാവില്ല. രാജ്യം അസ്ഥിരപ്പെട്ടുപോകും. എല്ലാവരും ദുരിതം അനുഭവിക്കും.'- മഹാതീർ മുഹമ്മദ് പറഞ്ഞു. നേരത്തെ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വേളയിലും മഹാതീർ കേന്ദ്രസർക്കാരിനെതിരെ പ്രതികരിച്ചിരുന്നു.