governor

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാതിരുന്നത് മനപൂര്‍വമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗവര്‍ണറെ മനപൂര്‍വം അവഗണിച്ചില്ല. മുന്‍പും കേന്ദ്ര നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കോടതിയില്‍ പോയത് പൗരത്വനിയമത്തിൽ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനാണ്. വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചേക്കുമെന്നാണു സൂചന. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ കൂടിക്കാഴ്ച. ഹർജി നൽകാനിടയായ സാഹചര്യങ്ങൾ ചീഫ് സെക്രട്ടറി വിശദീകരിച്ചു. റൂൾസ് ഒഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാർ നിലപാട് ഗവർണറെ അറിയിച്ചു.

രാജ്ഭവനിലെത്തിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. തന്നെ അറിയിക്കാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനെതിരെയും ഗവർണർ രംഗത്തെത്തിയിരുന്നു.