
കോഴിക്കോട്: പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം രാച്ചിയമ്മയ്‌ക്കെതിരെ നിരവധി വിർമശനങ്ങളാണ് ഉയർന്നിരുന്നത്. നോവലിൽ വായിച്ച രാച്ചിയമ്മയുടേതല്ല പാർവതിയുടെ ലുക്കെന്നും, കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമൊക്കെ പലരും പറഞ്ഞു. എന്നാൽ ഇത്തരം വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പാർവ്വതി. "രാച്ചിയമ്മ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഞാൻ അഭിനയിക്കില്ലായിരുന്നു. എന്നാൽ രാച്ചിയമ്മ ഒരു ഫിക്ഷൻ കഥാപാത്രമാണ്. അതുകൊണ്ടാണ് ഞാൻ ഈ വേഷം ഏറ്റെടുത്തെന്ന്" പാർവ്വതി പറഞ്ഞു. കോഴിക്കോട് നടന്ന 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി' ചലച്ചിത്ര മേളയിലാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്.
കറുത്ത രാച്ചിയമ്മയായി വെളുത്ത പാർവ്വതി എങ്ങനെ അഭിനയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരത്തിന്റെ മറുപടി. കൂടുതൽ ചർച്ചകൾ സിനിമ ഇറങ്ങിയ ശേഷം ആകാമെന്നും പാർവ്വതി പറഞ്ഞു. പാർവ്വതിയും ആസിഫ് അലിയും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമായ രാച്ചിയമ്മ ഒരുക്കുന്നത് സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ്. കാർബണിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ.