തൂലികാ സൗഹൃദങ്ങളുടെ പുതിയ മേച്ചിൽപുറങ്ങളാണ് ഡേറ്റിംഗ് സൈറ്റുകൾ. ഇഷ്ടം സൗഹൃദത്തിൽ തുടങ്ങി ജീവിതത്തിലേക്ക് പങ്കാളിയെ കൈപിടിച്ചു കയറ്റിയ നിരവധി പേർ ആദ്യമായി തമ്മിൽ തമ്മിൽ കാണുന്നത് ഇത്തരം ഡേറ്റിംഗ് സൈറ്റുകളിലൂടെയാണ്. പ്‌ളേസ്റ്റോറിൽ നിരവധി ഡേറ്റിംഗ് സൈറ്റുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രബലനാണ് ടിണ്ടർ. പതിനായിരങ്ങളുടെ ഇഷ്ട ഡേറ്റിംഗ് സൈറ്റായ ടിണ്ടർ അടുത്തിടെ നടത്തിയ ഒരു സർവേയുടെ ഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് പുരുഷകേസരികൾ. സ്ത്രീകൾക്ക് ഏതു പ്രൊഫഷനിൽ ജോലി ചെയ്യുന്നവരെയാണ് ഇഷ്ടം എന്നാണ് ടിണ്ടർ സർവേ നടത്തിയത്. എന്നാൽ സ്ത്രീകളുടെ മനസിലിരിപ്പ് മനസിലാക്കിയ ടിണ്ടർ സ്വയം ഞെട്ടുകയും ബാക്കിയുള്ളവരെ ഞെട്ടിക്കുവാനായി ആ റിസൾട്ട് പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്.
ടിണ്ടർ സർവേ പ്രകാരം സ്ത്രീകളുടെ മനസിൽ ഇലക്ട്രീഷ്യൻമാരോടുള്ള അത്ര സ്‌നേഹം വേറെ ഒരു ജോലി എടുക്കുന്നവരോടും ഇല്ലത്രേ. ഇലക്ട്രീഷ്യനെ കാണുന്നതിനും, സ്‌നേഹബന്ധം ഉണ്ടാക്കുന്നതിനുമായി മാത്രം അവരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുന്നവരും ഉണ്ട് സ്ത്രീകളുടെ ഇടയിൽ. ഇലക്ട്രീഷ്യനോടുള്ളതിൽ ചെറിയൊരു ഇഷ്ടം പ്ലംബറോടും ഉണ്ടത്രേ. ഇനി ഗേ റിലേഷൻ ഇഷ്ടപ്പെടുന്ന പുരുഷൻമാർക്കും ഇലക്രീഷ്യൻമാരോടാണ് ഇഷ്ടം. എന്തായാവും വിവാഹം കഴിക്കാൻ സർക്കാർ ജോലിവേണമെന്ന നിർബന്ധമുള്ള മലയാളികളാരും ഈ സർവേയിൽ പങ്കെടുത്തിട്ടില്ലെന്നത് ഉറപ്പാണ്.