ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻഗുപ്ത സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ സുപ്രീം കോടതി തള്ളി. 2012ൽ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പവൻ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജിയിൽ വാദം കേട്ട ശേഷം തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഹർജി നേരത്തെ ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.
പവൻ ഗുപ്ത സമർപ്പിച്ച ഹർജിയിൽ വിശ്വാസ യോഗ്യമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. കേസിൽ പ്രതികളായ നാല് പേർക്കും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാൻ ഡൽഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അഡ്വ.എ.പി സിംഗാണ് പവൻ ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായത്. കേസിൽ നീതിപൂർവമായ വിചാരണ നടന്നിട്ടില്ലെന്നും നടന്നത് മാദ്ധ്യമവിചാരണയാണെന്നും പ്രതിയുടെ അഭിഭാഷകൻ എ.പി. സിംഗ് കോടതിയിൽ വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസായിരുന്നു പ്രായമെന്നും ജനനരേഖ ഡൽഹി പൊലീസ് മറച്ചുവച്ചെന്നും പ്രായത്തിന്റെ കാര്യത്തിൽ വിചാരണക്കോടതി തിടുക്കപ്പെട്ട് വിധി പ്രസ്താവിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു.