bomb

 പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യുഗ്ര ശേഷിയുള്ള ബോംബ് കണ്ടെത്തി.തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മുഖം മറച്ച് ഓട്ടോറിക്ഷയിൽ കയറിപ്പോയ ആളാണ് സ്ഫോടക വസ്തു നിറച്ച ബാഗ് വിമാനത്താവളത്തിൽ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. ഈ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിടുകയും ചെയ്തു.

എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന് സമീപം ഇന്നലെ രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ബോംബാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബോംബ് വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റി നിർവീര്യമാക്കിയതായി സി.ഐ.എസ്.എഫ് വ്യക്തമാക്കി. വിമാനത്താവളത്തിൽ അതീവജാഗ്രതാ നിർദ്ദേശം നൽകി.വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയെങ്കിലും വിമാന സർവീസുകളെ ബാധിച്ചില്ല.