plastic

ബെയ്ജിംഗ്: പ്ലാസ്റ്റിക് ഉപയോഗത്തിന്റെ കാര്യത്തിൽ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ ചൈന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനൊരുങ്ങുന്നു. ചൈനയിലെ ദേശീയ വികസന പരിഷ്കരണ കമ്മിഷൻ ഇതു സംബന്ധിച്ച് ഞായറാഴ്ച പുതിയ നയം പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. 2008 ൽ ചില്ലറ വ്യാപാരികൾക്ക് സൗജന്യ പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നതും അൾട്രാ-തിൻ പ്ലാസ്റ്റിക് ബാഗുകൾ ഉത്പാദിപ്പിക്കുന്നതും ചൈന നിരോധിച്ചിരുന്നു. ലോകത്തിലെ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ചൈന 2017 ൽ വിദേശ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു.

മാലിന്യത്തിൽ വലഞ്ഞ് ചൈന

1.4 ബില്യൻ ജനങ്ങളുള്ള ചൈനയിൽ മാലിന്യ സംസ്കരണം ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. 2017 ൽ മാത്രം 215 ദശലക്ഷം ടൺ നഗര ഗാർഹിക മാലിന്യങ്ങളും 2010 ൽ 60 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ചൈനയിൽ കുമിഞ്ഞുകൂടിയത്.