rashid

ലക്നൗ: പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് വാരണാസിയിൽ 23കാരൻ പിടിയിൽ. വാരണാസിയിലെ ചന്ദൗലി സ്വദേശിയായ റാഷിദിനെയാണ് യു.പിയിലെ ഭീകര വിരുദ്ധ സേനയും (എ.ടി.എസ്) മിലിട്ടറി ഇന്റലിജൻസും ചേർന്ന് പിടികൂടിയത്. റാഷിദ് 2019 മാർച്ച് മുതൽ ഐ.എസ്.ഐക്ക് വിവരങ്ങൾ കൈമാറുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇയാൾക്ക് രണ്ട് തവണ പാകിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ട്. സി.പി.ആർ.എഫിന്റെയും, കരസേനയുടെയും നീക്കങ്ങൾ നിരീക്ഷിച്ച് ചിത്രങ്ങൾ സഹിതം റാഷിദ് പാകിസ്ഥാന് അയച്ചുകൊടുത്തെന്ന് എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. യുവാവ് കുറ്റം സമ്മതിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എ.എസ്.ഐക്ക് വാരണാസിയിൽ നിന്ന് വിവരങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നുണ്ടെന്നത് സംബന്ധിച്ച സൂചനകൾ കഴിഞ്ഞ ജൂലായിൽ മിലിട്ടറി ഇന്റലിജൻസിന് ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്ര സേനയുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ വലയിലാക്കിയത്. ഭീകരവിരുദ്ധ സേനയും മിലിട്ടറി ഇന്റലിജൻസും ചേർന്ന് ആഴ്ചകളോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. സംശയം തോന്നിയവരെ നേരത്തെ ചോദ്യം ചെയ്യലിനായി സേന വിളിച്ച് വരുത്തിയിരുന്നു. ജനുവരി 16നായിരുന്നു റാഷിദിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. തുടർന്ന് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കറാച്ചിയിലുള്ള റാഷിദിന്റെ ബന്ധുവാണ് ഇയാളെ ഐ.എസ്.ഐ ഏജൻസിയുമായി പരിജയപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള റാഷിദ് ടെയ്ലറിംഗ് ഷോപ്പും മരുന്ന് കടയും നടത്തിവരികയായിരുന്നു.