mohanlal

തൃശൂർ: കേരള സാഹിത്യ അക്കാദമി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമ്പോൾ മന്ത്രി ബാലന് വേദിയിലിരിക്കുന്നവരോട് ഒരു കഥ പറയാനുണ്ടായിരുന്നു. മറ്റൊന്നുമല്ല, മോഹൻലാലുമായി വേദി പങ്കിട്ട ഒരു ചടങ്ങിൽ മന്ത്രി ബാലൻ പറഞ്ഞ ഒരു അപ്രിയ സത്യം മോഹൻലാലും ശരിവച്ച കഥയായിരുന്നു അത്. വേദിയിൽ അന്ന് മോഹൻലാൽ വന്നപ്പോഴെ കയ്യടികളും ആർപ്പുവിളികളുമായിരുന്നു. പ്രസംഗത്തിനിടെ ഓരോ താൻ മോഹൻലാലിന്റെ പേര് പറയുമ്പോഴെല്ലാം സദസിൽ കൈയടികൾ ഉയർന്നു. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിൽ മോഹൻ‌ലാലിനടുത്തെത്തിയപ്പോൾ, ഒരു അപ്രിയസത്യം പറയട്ടെ എന്ന മുഖവുരയോടെ മോഹൻലാലിനോടു പറഞ്ഞു; ഒരു കാലത്ത് സത്യനും നസീറിനും ഇതുപോലെ കയ്യടികളായിരുന്നു. പക്ഷേ, അവർക്ക് ഒരു സ്മാരകത്തിനു പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു’. കലാകാരന്മാരുടെ ജീവിതം അങ്ങനയാണെന്നു മോഹൻലാലും തന്നെ ശരിവച്ചതായി മന്ത്രി പറഞ്ഞു.

സത്യനും നസീറിനും സ്മാരകം നി‍ർമിക്കാൻ ഈ സർക്കാർ വരേണ്ടിവന്നു എന്നു പറഞ്ഞ കൂട്ടത്തിലാണ്, മോഹൻലാലിനോടു താൻ കലാകാരൻമാരുടെ ജീവിതം സംബന്ധിച്ച അപ്രിയ സത്യം പറഞ്ഞ കഥ കൂടി മന്ത്രി പങ്കുവച്ചത്. സത്യനെ കാണാൻ ചെറുപ്പത്തിൽ കിലോമീറ്ററുകളോളം നടന്നു പോയതും ഒടുക്കം, ഒരു മിന്നായം പോലെ മാത്രം അദ്ദേഹത്തെ കണ്ടു നിരാശനായി മടങ്ങേണ്ടി വന്നതും എല്ലാം മന്ത്രി പറഞ്ഞു. പക്ഷേ, ആ സത്യന്റെ അന്ധരായ മക്കൾ അച്ഛന് ഒരു സ്മാരകമില്ലെന്നു പറഞ്ഞു വിതുമ്പിയതും തുടർന്നു സ്മാരകത്തിനായി സർക്കാർ നടപടി സ്വീകിരിച്ചതും ബാലൻ പറഞ്ഞു. കേരളത്തിനു പുറത്തുള്ള ഒരാളുടെ പേരു നൽകാൻ‌ നിശ്ചയിച്ചിരുന്ന സമുച്ചയത്തിനു സത്യന്റെ പേരു നൽകാൻ പെട്ടെന്നെടുത്ത തീരുമാനം പ്രഖ്യാപിക്കുമ്പോൾ ആരാധകരായ പലരും സന്തോഷം കൊണ്ടു കരയുകയായിരുന്നെന്നും മന്ത്രി ഓർമിച്ചു.