uae

സിവിൽ കേസുകളിൽ യു.എ.ഇ കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഇനിമുതൽ ഇന്ത്യയിലും ബാധകമാകും. യു.എ.ഇയിലെ നിയമ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഇതനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ 20 വർഷം പഴക്കമുള്ള ഉഭയകക്ഷി ജുഡീഷ്യൽ സഹകരണ ഉടമ്പടി പ്രാബല്യത്തിൽ വരും.

വിവിധ സിവിൽ കേസുകളിൽ പ്രതികളായതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടുള്ളവരെ പിടികൂടാനുള്ള നടപടികൾ ഇനി ലഘുവായിരിക്കും. ലോണിൽ വീഴ്ച വരുത്തൽ, ചെക്ക് ബൗൺസ് ആകുക തുടങ്ങി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഇതിന്‍റെ പരിധിയിൽ വരുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ യു.എ. ഇ കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവും ഇന്ത്യയിൽ ബാധകമാകും.

യു എ ഇയിലെ ബാങ്കുകളിൽ നിന്ന് വലിയ ലോണെടുത്തതിനു ശേഷം തിരിച്ചടയ്ക്കാതെ ഇന്ത്യയിലേക്ക് കടക്കുന്നവരെ കൃത്യമായി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഈ നടപടിയിലൂടെ സാധിക്കും. പുതിയ നടപടിയിലൂടെ യു.എ.ഇ കോടതി വിധി നടപ്പാക്കി കിട്ടാൻ ബാങ്കുകളും വ്യക്തികളും ഇന്ത്യയിലെ ജില്ലാ കോടതികളെ സമീപിച്ചാൽ മതിയാകും. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ നേരത്തെ കക്ഷികൾ നാട്ടിലെ കോടതികളിൽ പുതിയ ഹർജി നൽകി വിചാരണ നടത്തണമായിരുന്നു. എന്നാൽ ഇനിമുതൽ ഇന്ത്യയിലെ കോടതികളിൽ പുതിയ കേസ് ഫയൽ ചെയ്യേണ്ട ആവശ്യമില്ല. ഇന്ത്യയിലെ ജില്ലാ കോടതിയാണ് യു.എ.ഇയിലെ സിവിൽ കോടതിയുടെ വിധികൾ പരിഗണിക്കപ്പെടുക.