തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയതിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ഒരു വിശദീകരണവും തൃപ്തികരമല്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ല. സർക്കാരിന്റെ നിയമ വിരുദ്ധ നടപടിയാണ് ചൂണ്ടിക്കാട്ടിയത്. ഇത് ഈഗോ ക്ലാഷല്ല. വ്യക്തിപരമായ പ്രശ്‌നങ്ങളുമില്ല. ഗവർണറെ അറിയിക്കാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നിയമപരമായി അത് ശരിയല്ല. ജനാധിപത്യത്തിൽ വ്യക്തികൾക്ക് അധികാരമുണ്ട്. ആ അധികാരം നിയമലംഘനത്തിനുള്ള ലൈസൻസല്ല. ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലക്‌നൗവിലേക്കുള്ള യാത്രയ്ക്കുമുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഗവർണർ സർക്കാരിന്റെ നിലപാട് തള്ളിയെന്ന് വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ൽ ഹർജി നൽകിയതിൽ ഗവർണർ വിശദികീരണം തേടിയതിന് പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് ഒരു വിശദീകരണവും തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഗവർണർ രംഗത്തെത്തിയത്.