kerala-bank

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരളാ ബാങ്ക് ലോഗോയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ലോഗോ പുറത്തിറക്കിയത്. കേരളത്തിലെ നമ്പർ വൺ ബാങ്ക് എന്ന ആശയത്തിൽ ഒന്ന് എന്ന് സൂചിപ്പിക്കുന്നതാണ് കേരള ബാങ്കിന്റെ ലോഗോ. എന്നാൽ ലോഗോയുടെ നിറത്തിനെതിരെയാണ് ചിലർ വിമർശനമുന്നയിക്കുന്നത്.

ലോഗോയിൽ ഒന്ന് എന്നെഴുതിയതിന് താഴെയുള്ള കുത്തുകൾ കേരളത്തിനെ പതിനാല് ജില്ല സഹകരണ ബാങ്കുകളെയാണ് സൂചിപ്പിക്കുന്നത്. അതേസമയം ലോഗോയുടെ നിറത്തിനെതിരെ കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് രംഗത്തെത്തി. 'കേരള ബാങ്ക്‌ ലോഗോയുടെ നിറം നന്നായിട്ടുണ്ട്‌, അഭിനന്ദനങ്ങൾ. ഗുജറാത്തല്ല കേരളം എന്ന് തെളിയിക്കാൻ ലോഗോയ്ക്ക്‌ കഴിയുന്നുണ്ട്‌. ദേശീയ പതാകയിൽ നിന്നും കോൺഗ്രസ്‌ കൊടിയിൽ നിന്നും ആവേശം കൊണ്ടാണു ഈ നിറത്തിൽ എത്തിച്ചേർന്നതെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. തലയുയർത്തി നിൽക്കട്ടെ കാവി. സ്കൂളിൽ പച്ച ബോർഡ്‌ കണ്ടപ്പോൾ ലീഗിന്റെ പച്ചയാണെന്ന് പറഞ്ഞ്‌ നടന്നത്‌ പോലെ പറഞ്ഞ്‌ നടക്കാൻ ഞങ്ങളില്ലേ'- സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഒരു നിറത്തിന്റെ പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യമുമായി സൈബർ സഖാക്കൾ രംഗത്തെത്തിയതോടെ ചർച്ചകൾക്ക് വീണ്ടും ചൂടു പിടിച്ചു. ഇതിന് മറുപടിയായി യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പച്ചബോർഡ് വിവാദ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുമായി സിദ്ദിഖ് രംഗത്തെത്തി. നിറങ്ങൾക്ക് ചിലപ്പോൾ പ്രത്യേക മാനങ്ങളുണ്ടാകുമെന്നാണ് അന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

കേരള ബാങ്ക് ലോഗോയെ കളിയാക്കിക്കൊണ്ടാണ് വി.ടി ബൽറാം രംഗത്തെത്തിയത്. ലോഗോയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു എന്നാണോ ഉദ്ദേശിച്ചത്? ആവോ.. ആർക്കറിയാം! - ബൽറാ ഫേസിബുക്കിലൂടെ ചോദിച്ചു. അതേസമയം സി.പി.എം നേതാക്കളും പ്രവർത്തകരും ലോഗോ പങ്കുവച്ച് വലിയ തരത്തിലുള്ള പ്രചാരണമാണ് നടത്തുന്നത്.