മംഗളൂരു : മംഗളുരു വിമാനത്താവളത്തിൽ കണ്ടെത്തിയ സ്പോടക വസ്തു നിർവീര്യമാക്കിയതായി പൊലീസ്. വിമാനത്താവളത്തിൽ ബോംബ് നിർമാണ വസ്തുക്കളെത്തിച്ച ആളുടെ ദൃശ്യങ്ങളും മംഗളുരു പൊലീസ് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിയാൻ നടപടി തുടങ്ങിയതായി മംഗളൂരു സിറ്റി പൊലീസ് പറഞ്ഞു. കണ്ടെത്തിയത് വീര്യംകുറഞ്ഞ ഐ.ഇ.ഡി ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണെന്ന് സി.ഐ.എസ്.എഫ് സ്ഥിരീകരിച്ചു.
സംഭവത്തിൽ അന്വേഷണം പുപരോഗമിക്കുകയാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഡോ പിഎസ് ഹർഷ അറിയിച്ചു. വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്. ഇതിലാണ് ടൈമറിന്റെ രൂപത്തിലുള്ള സ്ഫോടകവസ്തു ഉണ്ടായിരുന്നത്. തുടർന്ന്, ബംഗളൂരുവിൽ നിന്ന് ബോംബ് സ്ക്വാഡും മംഗളൂരു റേഞ്ച് ഐജി അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.