highcourt
highcourt

കൊച്ചി : വാഹനങ്ങളുടെ നിലവാരം ഉറപ്പാക്കാനുള്ള ദേശീയ വ്യവസ്ഥകളനുസരിച്ച് ലൈറ്റുകൾ, സിഗ്നൽ ലൈറ്റുകൾ, റിഫ്ളക്ടറുകൾ തുടങ്ങിയവ ഘടിപ്പിക്കാത്ത ബസുകൾ നിരത്തിലിറങ്ങുന്നില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരം വാഹനങ്ങൾ ഒാടിക്കുന്നവരുടെ ലൈസൻസ് തടഞ്ഞുവെച്ച് മൂന്നു മാസത്തേക്ക് അയോഗ്യരാക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.

20 വർഷത്തിലേറെ പഴക്കമുള്ള ബസുകൾ ഒാർഡിനറി - സിറ്റി സർവീസുകളായി ഒാടിക്കരുതെന്ന കേരള മോട്ടോർ വാഹനചട്ട ഭേദഗതിക്കെതിരെയുള്ള ഹർജികളിലാണ് ഉത്തരവ്. ആട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്സ് (എ.ഐ.എസ് - 008) പ്രകാരമുള്ള വലിപ്പത്തിലും രൂപത്തിലും ലൈറ്റുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വ്യവസ്ഥകൾ പാലിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുത്. നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കണം. ചട്ടപ്രകാരം അനുവദനീയമല്ലാത്ത വിധം വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തിയ ഉടമകൾക്കെതിരെ നടപടിയെടുക്കണം. നിരത്തിലിറക്കാൻ യോഗ്യമാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കാതെ സ്ഥിരം പെർമിറ്റോ താത്കാലിക പെർമിറ്റോ നൽകരുതെന്നും ഉത്തരവിൽ പറയുന്നു.

ഈവീഴ്ചകൾക്ക് താത്കാലിക പെർമിറ്റു പോലും നൽകരുതെന്ന് ഹൈക്കോടതി :

 കാൽനടക്കാർക്ക് ഭീഷണിയാകും വിധം ക്രാഷ് ഗാർഡും പടികളും

 ചട്ടപ്രകാരമല്ലാതെ നമ്പർ പ്ളേറ്റ്

 പിന്നിലെ നമ്പർ പ്ളേറ്റിൽ മതിയായ വെളിച്ചമില്ലായ്മ

 മുൻ - പിൻ ഗ്ളാസുകളിൽ സുതാര്യത കുറയ്ക്കുന്ന സ്റ്റിക്കറുകൾ

 ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധം ഗ്ളാസിൽ വിവിധ വസ്തുക്കൾ തൂക്കിയിടുക

 മതിയായ നിലവാരത്തിൽ ബോഡി നിർമ്മിക്കാതിരിക്കുക