തിരുവനന്തപുരം ∙ കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവുകൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.. പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ പ്രതികൾ കൊല്ലപ്പെട്ടേക്കുമെന്ന് പ്രതിഭാഗം വാദിച്ചു. ഇതോടെ കസ്റ്റഡി അപേക്ഷയിലെ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.
കനത്ത സുരക്ഷയിലാണ് മുഖ്യപ്രതികളായ അബ്ദുൽ ഷമീമിനെയും തൗഫീഖിനെയും നാഗർകോവിൽ ജില്ലാകോടതിയിലെത്തിച്ചത്. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിനും തെളിവു ശേഖരണത്തിനുമായി 28 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കൊലപാതക കുറ്റം സമ്മതിച്ചതിനൊപ്പം രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന സംഘടനകളുമായി ഇരുവർക്കും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതികൾക്കായെത്തുന്ന അഭിഭാഷകരെ തടയുമെന്ന അഭ്യൂഹങ്ങൾക്കിടയിലും മധുരയിൽ നിന്ന് അഭിഭാഷകർ ഹാജരായി. പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ ജീവന് ഭീഷണിയുണ്ടന്നും യു.എ.പി.എ ചുമത്താൻ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതൊടെയാണ് ചൊവ്വാഴ്ച വൈകിട്ട് 3ന് വിധി പറയാൻ കോടതി തീരുമാനിച്ചത്. പ്രതികളെ തിരുനെൽവേലി ജയിലിലേക്കു മാറ്റി. പ്രതിയായ തൗഫീഖിന്റെ അമ്മ കോടതിയിലെത്തിയിരുന്നു. മകനെ പൊലീസ് വെടിവച്ച് കൊല്ലുമോയെന്ന് ഭയപ്പെടുന്നതായും അമ്മ പറഞ്ഞു. പ്രതികൾക്കായി ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചു.