തൃശൂർ: പത്തുദിവസം നീണ്ടുനിൽക്കുന്ന പന്ത്രണ്ടാം രാജ്യാന്തര നാടകോത്സവം 'ഇറ്റ്‌ഫോക്ക് 2020" കേരള സംഗീത നാടക അക്കാഡമിയിൽ മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സാംസ്‌കാരിക പൊതു ഇടങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ മാധവ ചാക്യാർ പുരസ്‌കാരം മുതിർന്ന നാടക നിരൂപക ശാന്തഗോഖലേക്കു മന്ത്രി സമ്മാനിച്ചു. അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത അദ്ധ്യക്ഷയായി. ഫെസ്റ്റിവൽ പുസ്തകത്തിന്റെ പ്രകാശനം കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖനും ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനനും നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവർ ആമുഖ പ്രഭാഷണം നടത്തി. സംഗീത നാടക അക്കാഡമി നിർവാഹക സമിതിയംഗം ഫ്രാൻസിസ് ടി. മാവേലിക്കര, ജനറൽ കൗൺസിലംഗം ശ്രീജ ആറങ്ങോട്ടുകര, സ്‌കൂൾ ഒഫ് ഡ്രാമ വകുപ്പ് മേധാവി ശ്രീജിത്ത് രമണൻ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ സ്വാഗതവും അക്കാഡമി വെസ് ചെയർമാൻ സേവ്യർ പുൽപാട് നന്ദിയും പറഞ്ഞു. ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്ററിന്റെ 'സിൽവർ എപിഡെമിക്' ഉദ്ഘാടന നാടകമായി അരങ്ങേറി. ഉദ്ഘാടനത്തിന്റെ ഭാഗമായി കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും സംഘവും സപ്ത മദ്ദള കച്ചേരി അവതരിപ്പിച്ചു. 'ഇമാജിനിംഗ് കമ്മ്യൂണിറ്റീസ്' എന്ന പ്രമേയവുമായെത്തിയ ഇറ്റ്‌ഫോക്കിൽ 19 നാടകങ്ങളാണ് അരങ്ങേറുന്നത്.