k-muraleedharan

മലപ്പുറം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം രൂക്ഷമായി തുടരവെ ഗവർണർക്കെതിരെ കെ. മുരളീധരൻ എം.പി രംഗത്ത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഗവർണറുടെ ചുമതല. അല്ലാതെ ഗവർണർ പദവി എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും മുരളീധരൻ പറഞ്ഞു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടയ്ക്കെതിരെയായനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിന് ആരുടെയും അനുവാദം ആവശ്യമില്ല. ഇതിന് തടസമുണ്ടാക്കുന്ന ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ പിരിച്ചുവിടാൻ യു.ഡി.എഫ് അനുവദിക്കില്ല. ആർ.എസ്.എസ് പദ്ധതിയുടെ ഭാഗമായുള്ള നിയമങ്ങൾ മസിൽ ഉപയോഗിച്ച് നടപ്പാക്കാനാണ് ബി.ജെ.പി ഇപ്പോൾ ഗവർണർമാരെ വച്ചിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

രാജ്യത്തു ചിലർക്ക് ഡൽഹൗസി പ്രഭുവിന്റെ പ്രേതം കയറി. സംസ്ഥാനത്ത് ഒരു മുൻ ഡി.ജി.പിയെ വരെ അത് ആവേശിച്ചിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം നടപ്പാക്കിയത് ഡൽഹൗസിയാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടിഷുകാർ വധശിക്ഷ വിധിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കലാപകാരി മാത്രമാണെന്നു അവർക്ക് തോന്നുന്നത് ആ പ്രേതം കയറിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു