medical

ഏരൂർ: വ്യാജ വൈദ്യൻ നൽകിയ മരുന്ന് കഴിച്ച നിരവധിപേർ വിവിധ രോഗങ്ങൾ പിടിപെട്ട് ചികിത്സയിലായി. അഞ്ചൽ ഏരൂർ പത്തടി പ്രദേശത്തുള്ളവരാണ് തട്ടിപ്പിനിരയായത്.

വൃക്ക, കരൾ, ശ്വാസകോശം, ആമാശയം തുടങ്ങിയ അവയവങ്ങൾക്കാണ് രോഗം ബാധിച്ചത്. തെലുങ്കാന സ്വദേശിയായ ലക്ഷ്മൺ രാജ് എന്നു പരിചയപ്പെടുത്തിയ വൈദ്യനിൽ നിന്നു മരുന്നു വാങ്ങി കഴിച്ചവരാണ് രോഗികളായത്. വ്യാജ ചികിത്സമൂലമാണ് രോഗങ്ങൾ പിടിപെട്ടതെന്ന് ആദ്യം ആരും അറിഞ്ഞിരുന്നില്ല.

ഒരു മാസം മുൻപ് റഹിം മൻസിലിൽ അയൂബ് - ലിൻസ ദമ്പതികളുടെ ഇളയ മകൻ നാലുവയസുകാരൻ പൂമുഖത്ത് ഇരിക്കുന്നതു കണ്ട് അടുത്തെത്തിയ വ്യാജൻ കുട്ടിയുടെ കാലിൽ ചൊറിയുടെ ലക്ഷണങ്ങൾ കണ്ടു. ത്വക്ക് രോഗത്തിന് ചികിത്സയിലായിരുന്നു കുട്ടി. 10 ദിവസത്തിനുള്ളിൽ രോഗം പൂർണ്ണമായും മാറ്റി കൊടുക്കാമെന്ന് പറഞ്ഞാണ് ചികിത്സ ആരംഭിച്ചത്.10 ദിവസത്തിനുള്ളിൽ രോഗലക്ഷണം പൂർണ്ണമായും മാറി. ഇതോടെ വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ വ്യാജൻ രോഗം വരാതിരിക്കാൻ തുടർ ചികിത്സവേണമെന്ന് പറഞ്ഞ് കൂടുതൽ മരുന്ന് നല്‍കി. 25000 ഓളം രൂപയാണ് വാങ്ങിയത്. ഇവരുടെ അയൽവാസിയായ ഷംസിന് നടുവേദനയ്ക്കാണ് ചികിത്സ ആരംഭിച്ചത്. ഷംസ് ഒരാഴ്ചക്കുള്ളിൽ ബെൽറ്റില്ലാതെ നടക്കാനും ജോലി ചെയ്യാനും തുടങ്ങി. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ഉദരവേദന തുടങ്ങി. രോഗം മൂർഛിച്ചതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. മറ്റൊരു അയൽവാസിയായ മാജിദയും നടുവേദനയ്ക്ക് മരുന്ന് കഴിച്ചു. ആദ്യം ആശ്വാസം കണ്ടു. പിന്നീട് കാൽ ഉറയ്ക്കാതെ വീഴാൻ തുടങ്ങി. നടക്കാൻ കഴിയാതെ വന്നപ്പോഴാണ് ആശുപത്രിയിൽ പോകുന്നത്.അപ്പോഴും രോഗകാരണം വ്യാജചികിത്സയാണെന്ന് അറിഞ്ഞിരുന്നില്ല.

നാലുവയസുകാരന്റെ രോഗം കൂടിയതോടെ തിരുവനന്തപുരം എസ്.എ.ടിയിൽ ചികിത്സ തേടി. അപ്പോഴാണ് വ്യാജ ചികിത്സയുടെ മാരകമായ പ്രയോഗങ്ങൾ തിരിച്ചറിഞ്ഞത്. ഇതോടെ വൈദ്യന്റെ മരുന്ന് കഴിച്ചവർ അശുപത്രിയിൽ രക്തപരിശോധന നടത്തി. പലർക്കും മാരകമായ രോഗങ്ങൾ പിടിപെട്ടുകഴിഞ്ഞിരുന്നു.അപ്പോഴേക്കും വ്യാജൻ മുങ്ങി. നൂറോളം പേർക്ക് രോഗം പിടിപെട്ടതായി അറിയുന്നു. നാലുവയസുകാരന്റെ പിതാവ് അയൂബ് ഏരൂർ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് ഏരൂർ എസ്.ഐ സുബിൻ തങ്കച്ചൻ പറഞ്ഞു.