ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ വെട്ടിലാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ആക്രമണം നടത്തുന്നത് തുക്‌ഡെ തുക്‌ഡെ ഗാംഗുകളാണെന്നായിരുന്നു അമിത് ഷായുടെ പരാമർശം. എന്നാൽ രാജ്യത്ത് തുക്‌ഡെ തുക്‌ഡെ ഗാംഗുകളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.
അമിത് ഷായുടെ പരാമർശം ചോദ്യം ചെയ്തുകൊണ്ട് രാജ്യത്തെ തുക്‌ഡെ തുക്‌ഡെ ഗാംഗുകളുടെ വിശദാംശങ്ങൾ തേടി സാകേത് ഗോഖ്‌ലെ എന്ന വിവരാവകാശ പ്രവർത്തകനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വിവരാവകാശ അപേക്ഷ നൽകിയത്. ഡിസംബർ 26നായിരുന്നു അപേക്ഷ സമർപ്പിച്ചത്. തുക്‌ഡെ തുക്‌ഡെ ഗാംഗിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കി.
ഡൽഹിയിൽ നടന്ന പൊതുയോഗത്തിലാണ് അമിത് ഷാ തുക്‌ഡെ തുക്‌ഡെ ഗ്യാംഗ് പരാമർശവുമായി രംഗത്തെത്തിയത്. ഡൽഹിയിലെ തുക്‌ഡെ തുക്‌ഡെ ഗ്യാംഗിനെ പാഠം പഠിപ്പിക്കാന്‍ സമയമായി. ഡൽഹി തിരഞ്ഞെടുപ്പിൽ ഇതിനുള്ള ശിക്ഷ ജനം നൽകുമെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ പൊതുയോഗങ്ങളിൽ തുക്‌ഡെ തുക്‌ഡെ ഗ്യാംഗ് എന്നാവർത്തിച്ചിരുന്നു.