അമരാവതി: പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിന്റെ സാഹചര്യത്തിലും ആന്ധ്രാപ്രദേശിന് ഇനി മൂന്ന് തലസ്ഥാനമെന്ന ബിൽ നിയമസഭ പാസാക്കി. ആന്ധ്രപ്രദേശിൽ മൂന്ന് തലസ്ഥാനങ്ങൾ എന്ന നിർദ്ദേശം വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി സർക്കാർ ത്രിദിന പ്രത്യേക നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. പ്രധാന തലസ്ഥാനം അമരാവതിയിൽനിന്ന് വിശാഖപട്ടണത്തിലേക്കു മാറ്റുന്നതിനായി ക്യാപിറ്റൽ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റി ആക്ട് റദ്ദാക്കുന്നതിനുള്ള ബില്ലാണ് ധനകാര്യ മന്ത്രി ബി.രാജേന്ദ്രനാഥ് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചത്.
വിശാഖപട്ടണം പ്രധാന തലസ്ഥാനമാക്കി അമരാവതി, കർണൂൽ നഗരങ്ങൾ കൂടി തലസ്ഥാന നഗരിയായി വികസിപ്പിക്കുക എന്ന ആശയത്തിന് അംഗീകാരം നൽകി മുൻ ഐ.എ.എസ് ഓഫീസർ ജി.എൻ.റാവുവിന്റെയും ബോസ്റ്റൺ കൺസൽറ്റിംഗ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതികൾ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. ഇതിന് പുറമേ സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതോടെ വികസന കാര്യങ്ങളിൽ സമഗ്രത ഉറപ്പുവരുത്താനാകുമെന്നാണ് സർക്കാരിന്റെ അവകാശവാദം.
ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗവും ബില്ലിന് അംഗീകാരം നൽകിയിരുന്നു. 175 അംഗങ്ങളുള്ള ആന്ധ്ര നിയമസഭയിൽ 151 എം.എൽ.എമാരാണ് വൈ.എസ്.ആർ പാർട്ടിക്കുള്ളത്. വൻ ഭൂരിപക്ഷമുള്ളതുകൊണ്ട് തന്നെ ബില്ല് അനായാസം സഭയിൽ പാസാകും.
2014 – ൽ ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോൾ, തലസ്ഥാന നഗരിയായിരുന്ന ഹൈദരാബാദ് തെലങ്കാനയിലായി. തുടർന്ന് അമരാവതി തലസ്ഥാനമായി വികസിപ്പിക്കാനുള്ള നടപടികൾ അന്നത്തെ ടി.ഡി.പി നേതൃത്വം ആരംഭിച്ചിരുന്നു. 28,000 ത്തിലധികം കർഷകർ 33,000 ഏക്കറിലധികം ഭൂമി ഇതിനായി വിട്ടുനൽകിയിരുന്നു. ഇതിന് ലഭിക്കേണ്ട നഷ്ടപരിഹാര തുക, തലസ്ഥാനം മാറ്റിയാൽ നഷ്ടമാകുമെന്ന ആശങ്കയെത്തുടർന്നാണ് കർഷക പ്രതിഷേധം ശക്തമാകുന്നത്. കോടികൾ മുടക്കി അമരാവതിയിൽ തലസ്ഥാനം നിർമിക്കേണ്ടതില്ലെന്നാണ് ജഗൻ മോഹൻ സർക്കാരിന്റെ നിലപാട്. എന്നാൽ ഇതുവരെ 50,000 കോടിയിലധികം രൂപ മുടക്കിയതിന് ശേഷം തലസ്ഥാനം മാറ്റാനുള്ള നീക്കത്തിന് യാതൊരു അർത്ഥവുമില്ലെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്.
പ്രതിഷേധം ശക്തം: 800ഒാളം നേതാക്കൾ വീട്ടുതടങ്കലിൽ
മുഖ്യ പ്രതിപക്ഷ പാർട്ടിയായ ടി.ഡി.പി, സി.പി.ഐ, അമരാവതി ജെ.എ.സി തുടങ്ങിയ പാർട്ടിയിലെ 800 ഒാളം നേതാക്കളെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സർക്കാർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. സർക്കാർ നടപടി ഭീരുത്വമാണെന്നും കസ്റ്റഡിയിൽ ഉള്ളവരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ടി.ഡി.പി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡു പറഞ്ഞു. പ്രതിഷേധങ്ങളെ തുടർന്ന് അമരാവതി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ടി.ഡി.പിയുടെ നേതൃത്വത്തിൽ ‘ചലോ അസംബ്ലി’ എന്ന പേരിൽ നിയമസഭാ മന്ദിരത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. നിയമസഭയിലേക്കുള്ള വഴിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്ന് ടി.ഡി.പി നേതാക്കൾക്കും കർഷകർക്കും പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വികസനം ഉറപ്പുവരുത്തുന്നതിനായി സോണൽ ഡെവലപ്മെന്റ് ബോർഡുകൾ സ്ഥാപിക്കും, അമരാവതിയിലാകും നിയമനിർമാണ സഭ. വിശാഖപട്ടണം ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കും. രാജ്ഭവനും സെക്രട്ടേറിയറ്റും വിശാഖപട്ടണത്തിലേക്ക് മാറ്റും. നഗരവത്കരണത്തിന്റെ സുപ്രധാന കേന്ദ്രമായ കുർണൂലാവും ജുഡിഷ്യൽ സംവിധാനങ്ങളുടെ ആസ്ഥാനം.
- ധനകാര്യമന്ത്രി ബി.രാജേന്ദ്രനാഥ്