തിരുവനന്തപുരം : ഒച്ചിഴയും പോലെ നീങ്ങുന്ന കരമന-കളിയിക്കാവിള റോഡ് വികസന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായിട്ടും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല. സർവേ, അലൈൻമെന്റ് തയ്യാറാക്കൽ, സാമൂഹിക ആഘാതപഠനം എന്നിവ പൂർത്തിയാക്കാനായി ഉദ്യോഗസ്ഥർ വർഷങ്ങളെടുക്കുന്നതായാണ് ആരോപണം. സ്ഥലമെടുക്കാനായി റവന്യു ഉദ്യോഗസ്ഥർ അളന്നിട്ട കല്ലുകൾ മോഷണം പോയെന്നും ഇങ്ങനെയായാൽ റോഡ് വികസനം എങ്ങനെ നടത്തുമെന്നും മന്ത്രി ജി.സുധാകരൻ നിയമസഭയിൽ. സ്ഥലം എം.എൽ.എമാരുടെ ചോദ്യത്തിന് മറുപടി നൽകിയതും ഇതോടൊപ്പം ചേർത്തു വായിക്കുമ്പോഴേ കാര്യത്തിന്റെ കിടപ്പ് മനസിലാകൂ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വർഷങ്ങളായി ബുദ്ധിമുട്ടുന്നത് ഇതുവഴി യാത്രചെയ്യുന്ന സാധാരണക്കാരാണ്. പതിനൊന്ന് വർഷം മുൻപ് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതി പൂർത്തിയാകാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. 31 കിലോമീറ്റർ റോഡ് നിർമ്മാണ പ്രവർത്തനത്തിൽ ഒരു വ്യാഴവട്ടത്തോടടുക്കുമ്പോൾ വീതികൂട്ടാനായത് വെറും 6.5 കിലോമീറ്റർ മാത്രം.
പ്രാവച്ചമ്പലം മുതൽ ബാലരാമപുരത്തെ കൊടിനട വരെയുള്ള രണ്ടാം ഘട്ട റോഡ് നിർമാണം ചില നേതാക്കളുടെ ഇടപെടൽ കാരണം ഭാഗികമായി തടസപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. ദേശീയപാതയും പ്രാവച്ചമ്പലത്തു നിന്നു കാട്ടാക്കടയിലേക്കുള്ള റോഡും ഒരേ ഉയരത്തിൽ നിലനിറുത്താനാണ് പ്രാവച്ചമ്പലം ജംഗ്ഷനിൽ റോഡിന്റെ ഉയരം കുറയ്ക്കാൻ ദേശീയപാത വിഭാഗം തീരുമാനിച്ചത്. ഇതിനാൽ നിലവിലുള്ളതിനെക്കാൾ ഒന്നര മീറ്റർ താഴ്ത്തിയാണ് ഇവിടെ ഓട നിർമിച്ചത്. റോഡ് താഴ്ത്തുന്നതോടെ സമീപത്തെ ചില കെട്ടിടങ്ങളിലേക്കുള്ള പ്രവേശനത്തിനു നേരിയ പ്രയാസം ഉണ്ടാകുമെന്ന അവസ്ഥ വന്നതോടെ ചിലർ പണി തടസപ്പെടുത്തി. വീടുകളുടെ മുന്നിലെ റോഡ് ഉയർത്തണമെന്നതായിരുന്നു പ്രാദേശിക നേതാക്കളുടെ ആവശ്യം. ഇത്തരം വാദങ്ങൾ അംഗീകരിച്ചാൽ ഇനിയും ഇത്തരം വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും ഇത് റോഡിന്റെ രൂപത്തെതന്നെ ബാധിക്കുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. പാതയിലെ ഏറ്റവും സങ്കീർണമായ നിർമാണ പ്രവൃത്തികൾ വേണ്ട പ്രാവച്ചമ്പലം ജംഗ്ഷനിൽ ഇതുവരെ നിർമ്മാണം ആരംഭിക്കാൻ കഴിയാത്തത് പദ്ധതിക്കു തിരിച്ചടിയായിരിക്കുകയാണ്. പ്രാവച്ചമ്പലത്തു നിന്നുള്ള ഇറക്കത്തിലാകട്ടെ റോഡ് ഉയർന്നു പോയെന്നാണു പരാതി. പള്ളിച്ചൽ സദാശിവൻ സ്മാരകത്തിനു മുന്നിലെ നിർമ്മാണം സമീപത്തെ ചില വീട്ടുകാർ ചേർന്നു തടഞ്ഞതോടെ ഇവിടെ തത്കാലം പണി നിറുത്തിവച്ചിരിക്കുകയാണ്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ചിരുന്ന 2 വർഷത്തെ കരാർ കാലാവധി ജനുവരിയിൽ അവസാനിക്കുകയാണ്.
ധൃതഗതിയിൽ തടസങ്ങൾ നീക്കാനായി സർക്കാർ ചെയ്ത പദ്ധതികളെല്ലാം പാഴായെന്നാണ് മനസിലാകുന്നത്. വകുപ്പുതല ഏകോപനമില്ലാതെ ഒരു പദ്ധതിയും പൂർത്തിയാക്കാൻ കഴിയില്ലെന്ന കേരളത്തിന്റെ മുൻ അനുഭവങ്ങൾ വീണ്ടും തെളിഞ്ഞുവരികയാണിവിടെ. മണ്ണിനടിയിലെ ടെലിഫോൺ കേബിൾ മാറ്റിസ്ഥാപിക്കാൻ ബി.എസ്.എൻ.എല്ലിന് 4.5 കോടി രൂപ സർക്കാർ നൽകിയതുമാത്രം മിച്ചം. ഇതുവരെയും ഒരു കേബിൾ പോലും മാറ്റിയില്ല. കെ.എസ്.ഇ.ബിയാകട്ടെ പകുതിയോളം പോസ്റ്റുകൾ മാറ്റിയിട്ടു. ഏകദേശം രണ്ടുകോടിയോളം രൂപയാണ് ഇതിനായി സർക്കാരനുവദിച്ചത്. ഇനിയും മാറ്റാനുള്ള പോസ്റ്റുകളും ട്രാൻസ്ഫോർമർ അടക്കമുള്ളവയും ഉടനടി മാറ്റുമെന്നാണ് ഇവരുടെ വാദം. വാട്ടർ അതോറിട്ടിക്ക് പൈപ്പുകൾ മാറ്റിയിടാൻ അനുവദിച്ചത് 2 കോടിയാണ്. മൂന്ന് വകുപ്പുകളും ചെയ്യേണ്ട പണിചെയ്താൽ മാത്രമേ റോഡ് ഒരേ നിരപ്പിലേക്ക് ഇടിച്ചെത്തിക്കാൻ സാധിക്കൂവെന്നാണ് പൊതുമരാമത്തു അധികൃതർ പറയുന്നത്. ഉയരം കൂട്ടേണ്ടിടത്ത് മണ്ണടിച്ചിട്ടും കുറയ്ക്കേണ്ടിടത്ത് ഇടിച്ചുമാറ്റിയും റോഡിന്റെ രൂപം ഒന്നാക്കി മാറ്റിയിട്ടുവേണം മെറ്റൽ നിരത്തി മറ്റു പണികളിലേക്ക് കടക്കാൻ. എല്ലാ പ്രതിബന്ധങ്ങളും മാറ്റി, കുരുക്കിൽപ്പെടാതെ ഈ റോഡിലൂടെ ഇനി എന്ന് സഞ്ചരിക്കാനാകുമെന്നാണ് ഇതുവഴിയുള്ള സ്ഥിരം യാത്രക്കാർ ചോദിക്കുന്നത്. ഇതേരീതിയിലാണ് പണി നീങ്ങുന്നതെങ്കിൽ അടുത്ത തലമുറയ്ക്ക് മാത്രമേ പണി പൂർത്തിയായ റോഡിലൂടെ സഞ്ചരിക്കാനാകൂവെന്ന നിരാശയാണ് നാട്ടുകാരിൽ പലരും പങ്കുവയ്ക്കുന്നത്.
അണ്ടർപാസേജില്ലെങ്കിൽ വികസനം അസാദ്ധ്യം
ബാലരാമപുരം ജംഗ്ഷനിൽ വിഴിഞ്ഞം-കാട്ടാക്കട റോഡിനെ അണ്ടർപാസേജായി നിർമ്മിക്കാനാണ് തീരുമാനം. ജംഗ്ഷനിലെത്തുമ്പോൾ കരമന-കളിയിക്കാവിള റോഡിന്റെ വീതി 30.5 മീറ്റർ തന്നെ ആയിരിക്കും. അണ്ടർപാസേജിന് 24 മീറ്റർ വീതിയാണ് നിശ്ചയിച്ചിട്ടുള്ളത്. മണ്ണു പരിശോധന പൂർത്തിയാക്കിയെങ്കിലും ഡിസൈൻ ഇതുവരെ തയ്യാറാക്കിയിട്ടില്ല.
ഒന്നാം ഘട്ടം
കിള്ളിപ്പാലം മുതൽ പ്രാവച്ചമ്പലം വരെ - 7.5 കിലോമീറ്റർ
ചെലവ് : 100 കോടി
പണി പൂർത്തിയായിട്ട് 4 വർഷം
രണ്ടാം ഘട്ടം
പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വഴിമുക്കു വരെ 5.5 കിലോമീറ്റർ
ചെലവ് : 112 കോടി (കൊടിനട വരെ മാത്രം)
കൊടിനട വരെയുള്ള 4.5 കിലോമീറ്റർ വീതികൂട്ടൽ നടക്കുന്നു
ബാലരാമപുരം ജംഗ്ഷന്റെ കാര്യത്തിൽ തീരുമാനമെടുത്ത ശേഷമേ ബാക്കി 1.5 കിലോമീറ്റർ സ്ഥലമേറ്റെടുക്കൂ
മൂന്നാം ഘട്ടം
വഴിമുക്കു മുതൽ കളിയിക്കാവിള വരെ - 18 കിലോമീറ്റർ
അലൈൻമെന്റ് തയ്യാറാക്കിയെങ്കിലും അന്തിമ രൂപമായില്ല
ഈ മേഖലയിൽ റോഡിന്റെ ഉയരം കുറച്ചാൽ മാത്രമേ കയറ്റിറക്കങ്ങൾ ഒഴിവാക്കി സുഗമമായ യാത്രാസൗകര്യം ഒരുക്കാനാകൂ. റോഡ് വികസനം അട്ടിമറിക്കുന്നതിന് പിന്നിൽ തങ്ങളല്ല. സമീപത്തെവസ്തു ഉടമകളും പൊതുപ്രവർത്തകരുമാണ്. -അധികൃതർ