തിരുവനന്തപുരം: നടനചാരുതയും ലാസ്യഭാവങ്ങളും സമ്മേളിക്കുന്ന, നൃത്തത്തിന്റെ മായികതയിൽ ആസ്വാദകരെ മയക്കുന്ന ഒരാഴ്ചക്കാലത്തിനാണ് ഇനി നിശാഗന്ധി സാക്ഷിയാവുക. സിന്ദൂരം ചാലിച്ച സന്ധ്യകളിൽ നടനചാരുത വിരിയുന്ന മണിക്കൂറുകളെ ആഘോഷമാക്കാൻ ആയിരങ്ങൾ കനകക്കുന്നിലെത്തും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് ഇന്നലെ വൈകിട്ട് ആറിന് തിരിതെളിഞ്ഞതോടെ കലയുടെ ആഘോഷത്തിനും തുടക്കമായി. നൃത്ത രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം ഭരതനാട്യ പണ്ഡിതനും പത്മഭൂഷൺ ജേതാവുമായ ഡോ. സി.വി. ചന്ദ്രശേഖറിന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒഡീസി, ഛൗ, മോഹിനിയാട്ടം, കഥക്, മണിപ്പൂരി നൃത്തരൂപങ്ങൾ സമന്വയിപ്പിച്ച 'നൃത്യധാര' എന്ന പരിപാടിയാണ് ഉദ്ഘാടനദിനത്തിൽ അരങ്ങേറിയത്. 26 വരെയാണ് നൃത്തോത്സവം.
രാജ്യത്തെ ഏറ്റവും മികച്ച നർത്തകരാണ് ഓരോ ദിവസവും വേദിയിലെത്തുന്നത്. യുവ നർത്തകർക്കും അവസരം നൽകിയാണ് ഇത്തവണത്തെ നൃത്തോത്സവം. സി.പി. നായർ, ഡോ. വി.ആർ. പ്രബോധചന്ദ്രൻനായർ, മേതിൽ ദേവിക, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരടങ്ങിയ സമിതിയാണ് നർത്തകരെ തിരഞ്ഞെടുത്തത്.
സമാപന ദിവസത്തിൽ മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ചിട്ടപ്പെടുത്തിയ പ്രത്യേക നൃത്തമാണ് അരങ്ങിലെത്തുക. എല്ലാ ദിവസവും വൈകിട്ട് 6.15 മുതലാണ് നൃത്തം ആരംഭിക്കുക. പ്രവേശനം സൗജന്യം.
ഇന്ന് വൈകിട്ട് 6.15ന് കലാമണ്ഡലം വീണ വാര്യരുടെ മോഹിനിയാട്ടം, 6.45ന് കവിത ദ്വിബേദിയും സംഘവും അവതരിപ്പിക്കുന്ന ഒഡീസി, 8ന് അരുൺ ശങ്കറിന്റെ ഭരതനാട്യം. എല്ലാ ദിവസവും വൈകിട്ട് 6.15, 6.45, രാത്രി 8 എന്നീ സമയങ്ങളിലായിരിക്കും നൃത്തരൂപങ്ങൾ അരങ്ങിലെത്തുക. നാളെ (22ന്) വി.പി. മൻസിയയുടെ ഭരതനാട്യം, ഗീത പത്മകുമാറിന്റെയും സംഘത്തിന്റെയും കുച്ചിപ്പുടി, ബിംബാവതി ദേവിയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി. 23ന് അർജുൻ എസ്. കുളത്തിങ്കലിന്റെ ഭരതനാട്യം, ഡോ. ആർ.എൽ.വി. രാമകൃഷ്ണനും സംഘവും അരങ്ങിലെത്തിക്കുന്ന മോഹിനിയാട്ടം, നവീൻ ആർ. ഹെഗ്ഡേയും രോഹിണി പ്രഭാതും അവതരിപ്പിക്കുന്ന കഥക്, 24ന് സമയക്രമത്തിൽ മാറ്റമുണ്ട്. വൈകിട്ട് 6.30ന് എൻ. ശ്രീകാന്തും അശ്വതി ശ്രീകാന്തും അവതരിപ്പിക്കുന്ന ഭരതനാട്യം, 8ന് ഡോ. ആനന്ദ ശങ്കർ ജയന്തിന്റെ കുച്ചിപ്പുടി എന്നിവ അരങ്ങേറും. 25ന് ദേവിക സജീവന്റെ ഭരതനാട്യം, രേഷ്മ യു. രാജിന്റെ കുച്ചിപ്പുടി, മാധവി ചന്ദ്രന്റെ മോഹിനിയാട്ടം.
26ന് പ്രത്യേക നൃത്തപരിപാടി, തുടർന്ന് ഡോ. എൻ.സുമിത നായരിന്റെ മോഹിനിയാട്ടം, ജ്യോത്സന ജഗനാഥന്റെ ഭരതനാട്യം എന്നിങ്ങനെയായിരിക്കും നൃത്തപരിപാടികളുടെ ക്രമം.
അരങ്ങുണർത്താൻ കഥകളിമേളയും
എല്ലാ ദിവസവും വൈകിട്ട് 6ന് നൃത്തയിനങ്ങൾക്കു സമാന്തരമായി കനകക്കുന്ന് കൊട്ടാരമുറ്രത്ത് കഥകളി മേളയും അരങ്ങേറും. ആദ്യദിനത്തിൽ കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തിലുള്ള കലാകാരൻമാർ നളചരിതം ഒന്നാം ദിവസത്തെ കഥയുമായി അരങ്ങിലെത്തി. ഇന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന ബാലിവധം കഥകളി, 22ന് ദേവയാനിചരിതം, 23ന് ലവണാസുരവധം, 24ന് നളചരിതം മൂന്നാം ദിവസം, 25ന് ദക്ഷയാഗം, 26ന് തോരണായുധം എന്നിവയും അരങ്ങേറും.