കുളത്തൂർ: സാമൂഹിക മാറ്റത്തിന് അക്ഷരജ്ഞാനം അനിവാര്യമാണെന്ന ഉദ്ഘോഷത്തോടെ ശ്രീനാരായണ ഗുരുദേവൻ കുളത്തൂരിൽ തുടക്കം കുറിച്ച അറിവിന്റെ കേന്ദ്രങ്ങളായിരുന്നു കോലത്തുകരയിലെ കുടിപ്പള്ളിക്കുടവും ആറാട്ടുവഴിയിലെ ശ്രീനാരായണ സ്മാരക ലൈബ്രറിയും. ഗുരുകടാക്ഷത്താൽ വളർന്ന കുളത്തൂർ ശ്രീനാരായണ സ്മാരക ലൈബ്രറി ഇന്ന് ശതാബ്ദിയുടെ നിറവിലാണ്. കുളത്തൂർ ജംഗ്ഷന് സമീപം പ്രധാന റോഡിൽ ഇരുനില കെട്ടിടത്തിൽ ലൈബ്രറിയും വിപുലമായ വായനശാലയും കോൺഫറൻസ് ഹാളുമായി പ്രവർത്തിക്കുന്ന ഈ ലൈബ്രറി മന്ദിരത്തിന് വലിയൊരു ചരിത്രമുണ്ട്.
കുളത്തൂർ ആറാട്ടുവഴിയിൽ ഒ.കൃഷ്ണൻ വാദ്ധ്യാർ, കുഞ്ഞൻ വാദ്ധ്യാർ, എഡിസൺ എന്ന വിളിപ്പേരുള്ള ശാസ്താൻവിളാകം പി.നാരായണൻ മുതലാളി തുടങ്ങിയ പ്രമുഖരാണ് ഗുരുദേവന്റെ നിർദ്ദേശമനുസരിച്ച് ലൈബ്രറിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1920 ൽ അവിവാഹിതനായ ഒ.കൃഷ്ണൻവാദ്ധ്യാർ ദാനാധാരമായി നൽകിയ 5 സെന്റ് സ്ഥലത്താണ് ഗുരുവിന്റെ നിർദ്ദേശപ്രകാരം നാരായണൻ മുതലാളിയുടെ നേതൃത്വത്തിൽ അന്നത്തെ 400 രൂപ ചെലവിൽ ഒരു കെട്ടിടം പണികഴിപ്പിച്ചത്. പച്ചക്കട്ടയിൽ ചുവർ കെട്ടിയുള്ള കെട്ടിടത്തിൽ വടക്കുവശത്തായി അലമാരയും ബുക്കുകൾക്കുമായി ഒരു ഒറ്റമുറി. പടിഞ്ഞാറുവശത്തായി റീഡിംഗ് റൂമും രണ്ടടി പൊക്കത്തിൽ ഹാളും ചേർന്ന കെട്ടിടത്തിൽ 1920 ആഗസ്റ്റ് 29 നാണ് ലൈബ്രറിയുടെ പ്രവർത്തനം സമാരംഭിച്ചത്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് തുടങ്ങി നാല് ഭാഷകളിലായി 1021 പുസ്തകങ്ങളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. താമസിയാതെ ശ്രീനാരായണ ഗുരുദേവൻ ഈ ഗ്രന്ഥശാല സന്ദർശിക്കുകയും പ്രവർത്തനത്തിൽ സംതൃപ്തി അറിയിച്ച് പ്രവർത്തകരെ അനുഗ്രഹിക്കുകയും ലൈബ്രറിയിലെ ഒരു കൊച്ചുമുറിയിൽ ഏറെ നേരം ധ്യാനനിരതനായി ഇരുന്നതായും പറയപ്പെടുന്നു.
ഇന്നത്തെ കെട്ടിടം
1957 മേയ് 9 ന് നിലവിലെ ഓലക്കെട്ടിടം പൊളിച്ച് ഡോ.എ. രാമകൃഷ്ണൻ ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടു. പുതിയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചതോടെ താത്കാലികമായി പ്രവർത്തനം ലൈബ്രറിക്കുമുന്നിലെ പാർക്കിലേക്ക് മാറ്റിയിരുന്നു. താഴത്തെ നിലയിൽ ഓഫീസും ആധുനിക റീഡിംഗ് ഹാളും പുസ്തകങ്ങൾ സൂക്ഷിക്കാനായി റഫറൻസ് സൗകര്യത്തോടുകൂടിയ പ്രത്യേക റൂമും രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും ഉൾപ്പെടുന്ന മന്ദിരം 1963 സെപ്തംബർ 21 ന് അന്നത്തെ കേരള ഗവർണറായിരുന്ന വി.വി.ഗിരിയാണ് നാടിന് സമർപ്പിച്ചത്. വിലമതിക്കാനാകാത്ത ആയിരക്കണക്കിന് ഗ്രന്ഥങ്ങളുടെ ശേഖരമാണ് ശ്രീനാരായണ സ്മാരക ലൈബ്രറിയെ വേറിട്ടതാക്കി മാറ്റുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് ഷീറ്റിട്ട ഒരുനിലകൂടി പണിയുകയും താഴത്തെ നിലയിൽ ഓഫീസും റീഡിംഗ് റൂമും ഒരുക്കി മുകളിലത്തെ നില പുസ്തകങ്ങൾക്ക് മാത്രമായി ക്രമീകരിക്കുകയുമായിരുന്നു.
പത്രാധിപരുടെ പങ്ക്
കുളത്തൂർ ശ്രീനാരായണ സ്മാരക ലൈബ്രറിയെ ലോക പ്രശസ്തമാക്കിയത് കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ.സുകുമാരന്റെ 1958 സെപ്തംബർ 23 ലെ വിഖ്യാതമായ കുളത്തൂർ പ്രസംഗത്തിലൂടെയായിരുന്നു. ലൈബ്രറിയുടെ 38-ാമത് വാർഷിക സമ്മേളനത്തിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തിയായിരുന്നു സംവരണ വിഷയത്തിൽ സർക്കാർ എടുത്ത നിലപാടിനെതിരെ പത്രാധിപർ ആഞ്ഞടിച്ചത്.
ആദ്യ സെക്രട്ടറിയായിരുന്ന ചടയൻവിളാകം കുഞ്ഞൻവാദ്ധ്യാർ മുതൽ ഒട്ടേറെ പ്രമുഖ വ്യക്തികൾ ഭരണസാരഥ്യം വഹിച്ച ശ്രീനാരായണ സ്മാരക ലൈബ്രറിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ജി.ശിവദാസനും സെക്രട്ടറി ശശിധരൻ സാറുമാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് ഭരണസമിതി രൂപം നൽകിയിരിക്കുന്നത്.