തിരുവനന്തപുരം: വെള്ളായണി കായൽ വീണ്ടെടുപ്പും കായൽ സംരക്ഷണത്തിന്റെ ആവശ്യകതയും വിഷയമാക്കി ഡോക്യുമെന്ററി ഒരുക്കി പ്ലസ്വൺ വിദ്യാർത്ഥിനി. കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അപർണ പ്രഭാകറാണ് 'വെള്ളായണി കായൽ" എന്ന ഡോക്യുമെന്ററിക്ക് പിനിനൽ. പത്ത് മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധാനത്തിന് പുറമേ രചനയും തിരക്കഥയും വിവരണവും അപർണ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
കാലാകാലങ്ങളിൽ കായലിനുണ്ടായ മാറ്റവും കായൽകരയിലെ കൈയേറ്റങ്ങളും ശുചീകരണത്തിന്റെ ആവശ്യകതയുമൊക്കെ 'വെള്ളായണി കായൽ' വിഷയമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ത്രിദിന അഖിലകേരള ചിൽഡ്രൻസ് എഡ്യുക്കേഷൻ ഫിലിം ഫെസ്റ്രിവലിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അഞ്ച് അവാർഡുകൾ ഈ ഡോക്യുമെന്ററിക്ക് ലഭിച്ചിരുന്നു. പട്ടം സെന്റ്.മേരീസ് എച്ച്.എസ്.എസ് സംഘടിപ്പിച്ച സ്വച്ഛതാ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ്, സത്യജിത് റായ് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ മികച്ച ക്യാമ്പസ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. ശുചിത്വമിഷനും ഹരിതകേരളം മിഷനും കനകക്കുന്നിൽ സംഘടിപ്പിച്ചുവരുന്ന ശുചിത്വ സംഗമത്തിലും 'വെള്ളായണി കായൽ' പ്രദർശിപ്പിക്കുന്നുണ്ട്.
ഷെർജി, അജിത് മോഹനൻ എന്നിവരാണ് കാമറ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശരത് ഗീതലാൽ.