തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനായി സർക്കാർ തയ്യാറാക്കിയ 'വിമോചനത്തിന്റെ പാട്ടുകാർ' എന്ന ഡോക്യുഫിക്ഷൻ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് 7ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനോദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ശിശുവികസന വകുപ്പും സംസ്ഥാന വനിതാ വികസന കോർപറേഷനും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് ഡോക്യുഫിക്ഷൻ തയ്യാറാക്കിയത്. ചലച്ചിത്ര സംവിധായിക വിധു വിൻസന്റ് ആണ് ഡോക്യുഫിക്ഷൻ സംവിധാനം ചെയ്തിരിക്കുന്നത്.
മന്ത്രി കെ.കെ. ശൈലജ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.എസ്.സലീഖ, ഐ.ആൻഡ് പി.ആർ.ഡി. ഡയക്ടർ യു.വി. ജോസ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, പിന്നണി ഗായിക സയനോര, വനിതാ വികസന കോർപറേഷൻ എം.ഡി. ബിന്ദു .വി.സി തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിക്ക് മുന്നോടിയായി നാളെ വൈകിട്ട് 3.30ന് തിരുവനന്തപുരം നഗരത്തിലെ ആനീമസ്ക്രീൻ സ്ക്വയർ, അക്കാമ്മചെറിയാൻ സ്ക്വയർ, ഇ.എം.എസ് പാർക്ക്, രക്ത സാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ സ്ത്രീ പോരാളികൾക്ക് വേണ്ടി ഉയർത്തിയ സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തും.
പ്രധാന വേദിയായ ടാഗോർ തിയേറ്ററിന്റെ അങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ 4 മണിക്ക് പിന്നണി ഗായിക സയനോരയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. 6 മണിക്ക് കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ, സംസ്ഥാന സർക്കാരിന്റെ ജെണ്ടർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദി നയിക്കുന്ന സംവാദം നടക്കും. ഹരിത മിഷൻ ഉപാദ്ധ്യക്ഷ ഡോ. ടി.എൻ. സീമ, ചലച്ചിത്ര സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണൻ, സംവിധായിക ശ്രുതി നമ്പൂതിരി, ചലച്ചിത്ര താരം ദിവ്യ ഗോപിനാഥ് എന്നിവർ പങ്കെടുക്കും. ആദ്യ പ്രദർശനത്തിന് ശേഷം ചുമട്താങ്ങി ബാൻഡ് ട്രൂപ്പിന്റെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറും. തുടർന്ന് വനിതകളുടെ രാത്രി നടത്തവും സംഘടിപ്പിക്കുമെന്നു മന്ത്രി അറിയിച്ചു.