ബാഗ്‌ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വീണ്ടും റോക്കറ്റ് ആക്രമണം. ബഗ്ദാദിൽ യു.എസ് എംബസി പ്രവർത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിനു സമീപം മൂന്ന് റോക്കറ്റുകൾ പതിച്ചതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാല്‍, ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളെ ഇത്തരം ആക്രമണത്തിന് കാരണം എന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം നടന്നിരുന്നു.
ഇറാൻ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ യു.എസ് വധിച്ചതിനു ശേഷം ഇറാഖിൽ സംഘർഷങ്ങൾ വർദ്ധിച്ചിരുന്നു. ഇറാഖ് സർക്കാരിന്റെ പരിഷ്കരണനടപടികൾ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യവ്യാപകമായി ഇറാഖ് സര്‍ക്കാറിനെതിരെ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ ഈ കൊലപാതകത്തോടെ വീണ്ടും സജീവമായിട്ടുണ്ട്.