കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ പ്രതിയായ താഹ ഫസലിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. വിഷയത്തിൽ യു.ഡി.എഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം എന്താണെന്നും ചെന്നിത്തല ചോദിച്ചു. അലനും താഹയും ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി പറയണം. വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കും. കേസ് എൻ.ഐ.എ ഏറ്റെക്കാൻ കാരണം സംസ്ഥാന സർക്കാരാണ്. എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദര്‍ശനം.
"യു.എ.പി.എ ചുമത്തുന്ന എല്ലാ കേസുകളും എന്‍.ഐ.എ ഏറ്റെടുക്കാറില്ല. എന്നാല്‍, എന്‍.ഐ.എയുടെ കയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്‍റെ കൈവശമുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമെന്ത്?". -ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, നേരത്തെ എസ്.എഫ്.ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍ പറഞ്ഞിരുന്നു. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു പി.ജയരാജന്റെ വിവാദ പരാമര്‍ശം. എന്നാല്‍, ജയരാജന്റെ പരാമര്‍ശത്തിനെതിരെ അലന്റെ അമ്മ സബിത ശേഖര്‍ രംഗത്തെത്തിയിരുന്നു.