novel-245

''അത് തീപിടുത്തമല്ല. മറ്റെന്തോ ആണ്."

സി.ഐ അലിയാർക്ക് ഉറപ്പായിരുന്നു.

''വാ നോക്കാം."

പോക്കറ്റിൽ നിന്ന് കോവിലകത്തിന്റെ താക്കോൽ എടുത്ത് അയാൾ ഒരു പോലീസുകാരനെ ഏൽപ്പിച്ചു. ശേഷം തിടുക്കത്തിൽ പ്രധാന വാതിലിനു നേർക്കു നടന്നു.

മീഡിയക്കാർ അലിയാർക്കു മുന്നേ ഓടി. ആറ്റുചരലുകൾ കരഞ്ഞു ശബ്ദമുണ്ടാക്കി.

പോലീസുകാരൻ സീൽ ചെയ്തിരുന്ന പേപ്പർ അടർത്തി മാറ്റിയിട്ട് താക്കോൽ കടത്തി തിരിച്ചു.

പൂട്ടു തുറക്കപ്പെട്ടു.

ഓട്ടുമണികളുടെ കുലുക്കത്തോടെ വാതിൽപ്പാളികൾ അകത്തേക്കകന്നു.

വാതിൽ തുറക്കപ്പെട്ടതേ ഒരുതരം ഗന്ധം അവിടെ പരന്നു.

അലിയാരും സംഘവും അകത്തേക്കു കുതിച്ചു.

നടുവരാന്തയിൽ ഇറങ്ങി മുന്നോട്ടു നീങ്ങവെ അവരെ ആദ്യം എതിരേറ്റത് തൂങ്ങിനിൽക്കുന്ന ശേഖരകിടാവാണ്.

''യ്യോ... ഇത് എം.എൽ.എയുടെ അനുജനല്ലേ?"

ചോദിക്കുന്നതിനിടയിൽത്തന്നെ മീഡിയക്കാരുടെ ക്യാമറകൾ കൺതുറന്നു.

''അതുകണ്ടോ?"

അപ്പോഴേക്കും മറ്റൊരാൾ കൈചൂണ്ടി.

അലിയാർ അവിടേക്കു വെട്ടിത്തിരിഞ്ഞു.

''ഹോ..." അറിയാതൊരു ശബ്ദം ആ കണ്ഠത്തിൽ നിന്നുയർന്നു.

ഇരിക്കുകയുമല്ല, നിൽക്കുകയുമല്ല എന്ന രൂപത്തിൽ ഒരാൾ... തറയിൽ അടിച്ചിറക്കിയ കുറ്റിയിലേക്കു ചാരിനിൽക്കുന്നതു പോലെ...

അതൊരു സ്ത്രീരൂപമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. അതിന്റെ ശിരസ്സു പക്ഷേ കാണാൻ കഴിയുന്നില്ല... പകരം കമിഴ്‌ത്തിവച്ച രൂപത്തിൽ ഒരു കലം!

കലത്തിനു മുകളിലൂടെ പുക ഉയർന്നുകൊണ്ടിരിക്കുന്നു...!

കുന്തിരിക്കത്തിന്റെയും കരിഞ്ഞ മാംസത്തിന്റെയും സമ്മിശ്ര ഗന്ധം!

അലിയാർ നടുമുറ്റത്തേക്ക് എടുത്തുചാടി. ആ സ്ത്രീരൂപത്തിന് അടുത്തെത്തി. ഇനി കലം മാറ്റിയിട്ടു കാര്യമില്ലെന്നറിഞ്ഞു.

ആ ആൾ മരിച്ചുകഴിഞ്ഞു!

അലിയാർ ശിരസ്സിൽ നിന്നു തൊപ്പിയെടുത്തു.

ഈ സ്ത്രീ ആരാണ്?

പൊടുന്നനെ മിന്നൽ വേഗത്തിൽ ഒരു ചിന്ത അലിയാർക്കുണ്ടായി.

പ്രജീഷിനെ ഈ നാട്ടിൽ നിന്നാണ് ബലഭദ്രൻ തമ്പുരാൻ പിടികൂടിയത്. അപ്പോൾ പിന്നെ ഇത് ചന്ദ്രകലയല്ലാതെ മറ്റാരും ആകുവാനിടയില്ല...

''എന്നാലും ഇങ്ങനെ കൊല്ലുക എന്നു പറഞ്ഞാൽ... എന്തുമാത്രം പകയുള്ള ആളാവും ഇത് ചെയ്തത്?"

ഒരു ചാനൽ പ്രതിനിധി പിറുപിറുക്കുന്നത് അലിയാർ കേട്ടു.

അവർ ചുറ്റും നിന്നു ചിത്രങ്ങൾ പകർത്തുകയായിരുന്നു.

അലിയാർ തൊപ്പി വീണ്ടും തലയിൽ വച്ചുകൊണ്ട് സെൽഫോൺ എടുത്തു. എസ്.പിയെ വിളിക്കുകയായിരുന്നു ലക്ഷ്യം.

നടുമുറ്റത്തിന്റെ നാലു കോണുകളിൽ തങ്ങളുടെ ക്യാമറകൾക്കു മുന്നിൽ റിപ്പോർട്ടറന്മാർ സ്റ്റുഡിയോയിലേക്ക് വാർത്തകൾ അയച്ചുതുടങ്ങി.

''രാജീവ് കുമാർ കേൾക്കാമോ... ഞാൻ നിൽക്കുന്നത് നിലമ്പൂർ വടക്കേ കോവിലകത്തിന്റെ നടുമുറ്റത്താണ്. ഇവിടെയും അങ്ങ് കരുളായി വനത്തിലും ക്രൂരമായ കൊലപാതകങ്ങളാണ് അരങ്ങേറിയിരിക്കുന്നത്... ഒരു സ്ത്രീയെ നിർത്തി കത്തിച്ചുകൊന്നിരിക്കുന്നു. കരുളായി വനത്തിൽ ഒരാളെ ചെമ്പിലിട്ട് പുഴുങ്ങി കൊന്നിരിക്കുന്നു...

പിന്നെ മറ്റൊരു കാര്യം നിലമ്പൂർ എം.എൽ.എയുടെ അനുജനും കുറച്ചുനാളായി ഒളിവിൽ കഴിയുകയുമായിരുന്ന ശേഖരകിടാവ് എന്നയാൾ ഈ കോവിലകത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലുമുണ്ട്.

കാര്യകാരണങ്ങ‌ളൊന്നും ഇനിയും വ്യക്തമായിട്ടില്ല. ഒരുപക്ഷേ കോവിലകത്തിനുള്ളിൽ ഇനിയും മൃത ശരീരങ്ങൾ ഉണ്ടാകുമെന്നു സംശയിക്കുന്നു. ക്യാമറമാൻ സഹദേവനൊപ്പം ശകുന്തള."

ഓരോ ചാനൽ റിപ്പോർട്ടർമാരും ഇത്തരത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

എസ്.പി ഷാജഹാനോട് വിവരം പറഞ്ഞശേഷം സി.ഐ അലിയാർ തിരിഞ്ഞപ്പോഴേക്കും റിപ്പോർട്ടർമാർ മൈക്രോഫോണുകളുമായി അയാളെ വളഞ്ഞു.

''സാർ... ഇവിടെ എന്തെങ്കിലും നടക്കുമെന്ന് സാറിന് അറിയാമായിരുന്നു. അല്ലേ? അതുകൊണ്ടല്ലേ നേരത്തെ ഞങ്ങളോട് ഇന്ന് വാർത്തകളുടെ ചാകരയാവും എന്നു പറഞ്ഞത്?"

ചോദിച്ചയാളെ അലിയാർ സൂക്ഷിച്ചൊന്നു നോക്കി.

അപ്പോഴേക്കും മറ്റൊരാളുടെ ചോദ്യം വന്നു.

''ഇതേക്കുറിച്ച് അറിയാമായിരുന്നിട്ടും താങ്കളെന്താണ് ഇതിനെ തടയാതിരുന്നത്?"

അലിയാരുടെ മുഖം ചുവന്നു.

''എനിക്ക് മനസ്സില്ലായിരുന്നു. അത്രതന്നെ. എന്താ പോരേ?"

അവരുടെ മറുപടിക്കു കാക്കാതെ അയാൾ തിരിഞ്ഞു നടന്നു.

ഒരു മണിക്കൂർ പിന്നിട്ടു.

എസ്.പി ഷാജഹാനും ഒരുസംഘം പോലീസും കൂടി എത്തി. ആംബുലൻസുകളും.

എല്ലാം നോക്കിക്കണ്ടശേഷം ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ തയ്യാറാക്കുവാൻ ഏർപ്പാടാക്കിയിട്ട് ഷാജഹാൻ അലിയാരോടു നിർദ്ദേശിച്ചു.

''കോവിലകത്തിന്റെ ഒരിഞ്ചു സ്ഥലം പോലും വിട്ടുപോകാതെ അരിച്ചു പെറുക്കണം."

''സാർ..."

നിലവറയിലും തട്ടിൻപുറത്തുമൊക്കെ പരിശോധിക്കുവാൻ ഓക്സിജൻ മാസ്കും ഹെഡ് ലൈറ്റുമെല്ലാം ഉള്ള ഒരു സംഘത്തെ ഷാജഹാൻ നിയോഗിച്ചു.

അവർക്കൊപ്പം അയാളും നിലവറയിലേക്കിറങ്ങി.

അവിടെ പൊളിച്ചിട്ടിരിക്കുന്ന കല്ലറകൾ കണ്ടപ്പോൾത്തന്നെ അലിയാർക്കു ബോദ്ധ്യമായി, നിധി ശേഖരം കവർച്ച ചെയ്യപ്പെട്ടിരിക്കുന്നു.

പെട്ടെന്ന് അയാളുടെ കണ്ണുകൾ മണ്ണുകുഴച്ച്, മൂടി ചേർത്തുവച്ചിരിക്കുന്ന കല്ലറയിൽ പതിഞ്ഞു.

ശേഖരന്റെയൊപ്പം ഇതിനുള്ളിൽ പോലീസുകാർ കണ്ട ശ്രീനിവാസകിടാവായിരിക്കുമോ അതിൽ എന്നു ചിന്തിച്ച് അലിയാർ അതു തുറപ്പിച്ചു.

ദുർഗ്ഗന്ധം പുറത്തുചാടി.

അഴുകിത്തുടങ്ങിയിരുന്നെങ്കിലും യശോധരന്റെ മുഖം അലിയാർ തിരിച്ചറിഞ്ഞു.

എം.എൽ.എ കിടാവ് എങ്ങോട്ടുപോയി? ഒപ്പം ഈ കൃത്യകൾ കോവിലകത്തിനുള്ളിൽ നടത്തിയവരും?

അലിയാരുടെ തലച്ചോർ ചുട്ടുപഴുത്തു.

(തുടരും)