ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായിരുന്ന ജയപ്രകാശ് നദ്ദയെ തിരഞ്ഞെടുത്തത്. നദ്ദ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് ഏതെങ്കിലും കുടുംബ മഹിമയുടെയോ അച്ഛനോ അമ്മയോ പാർട്ടി നേതൃത്വത്തിലിരുന്നതുകൊണ്ടോ അല്ലെന്ന് ഡൽഹി കേന്ദ്രീകരിച്ച മാർക്കറ്റിംഗ് വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പി.കെ.ഡി നമ്പ്യാർ പറയുന്നു. കേരള കൗമുദി പത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"രാജ്യത്ത് ജനാധിപത്യം വേണം എന്ന് മുറവിളിയിടുന്ന പാർട്ടികളൊന്നും ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പോലും തങ്ങളുടെ പാർട്ടികളിൽ നടപ്പാക്കുന്നില്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്രവും വലിയ ബലഹീനത. ഇതു തന്നെയാണ് സ്ഥാനാർത്ഥി നിർണയത്തിലും ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കാൻ പാർട്ടികളിലും അവിടത്തെ സമ്പ്രദായങ്ങളിലും അങ്ങേയറ്രത്തെ ശുദ്ധീകരണവും അഴിച്ചുപണിയും ആവശ്യമാണ്. ഈ സന്ദർഭത്തിലാണ് ബി.ജെ.പിയിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ മഹനീയത വെളിവാകുന്നത്. ഏതെങ്കിലും കുടുംബ മഹിമയുടെയോ അച്ഛനോ അമ്മയോ പാർട്ടി നേതൃത്വത്തിലിരുന്നതുകൊണ്ടോ അല്ല നദ്ദ പാർട്ടി അദ്ധ്യക്ഷ പദവിയിലെത്തിയത്. സ്ഥാനമൊഴിയുന്ന ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും അഹമ്മദാബാദിലെ ബി.ജെ.പിയുടെ ബൂത്ത് ഭാരവാഹി എന്ന ചുമതലയിൽ നിന്നാണ് പാർട്ടിപ്രവർത്തനം ആരംഭിച്ചത്. ഇവരൊന്നും വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവരായിരുന്നില്ല."-അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തിരഞ്ഞെടുത്തിരിക്കുകയാണ്. പാർട്ടി അദ്ധ്യക്ഷനായിരുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനെ തുടർന്ന് കുറച്ചുകാലം വർക്കിംഗ് പ്രസിഡന്റായ നദ്ദ ഇപ്പോൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്വാഭാവിക പ്രക്രിയയായി മാത്രമേ പലരും കാണുകയുള്ളു. ഒരു പാർട്ടിയുടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യവുമാണ്.
എന്നാൽ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഇതിന് ഒരു പ്രത്യേകത ഉണ്ട്. ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. അവരുടെ അവകാശ വാദം ശരിയാണെങ്കിൽ പത്ത് കോടിയിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്രവുംവലിയ പാർട്ടിയാണത്. മറുഭാഗത്ത് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഉണ്ട്. സ്വാതന്ത്ര്യ സമ്പാദനം മുതൽ 1977 വരെ തുടർച്ചയായും പിന്നീട് 1980ന് ശേഷവും ഇന്ത്യയിൽ അധികാരത്തിലിരുന്ന പാർട്ടി. വി.പി സിംഗ്, ഐ.കെ. ഗുജറാൾ, ചന്ദ്രശേഖർ, ദേവഗൗഡ എന്നിവരുടെ താരതമ്യേന ചെറിയ കാലാവധിയും എ.ബി.വാജ്പേയിയുടെ ആറുവർഷവും ഒഴിവാക്കി നിറുത്തിയാൽ കോൺഗ്രസാണ് ഇന്ത്യ ഭരിച്ചത്. 2004 മുതൽ 10 വർഷം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് ഇന്ത്യ ഭരിച്ചിരുന്നത്.
എന്നാൽ കോൺഗ്രസിന് ഒരദ്ധ്യക്ഷനില്ല. കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയാഗാന്ധി പദവി ഒഴിയുമ്പോൾ മകൻ രാഹുലിനാണ് അധികാരം കൈമാറിയത്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ചിരുന്നു. പല കുറി അനുയായികൾ പദവി ഏറ്രെടുക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം തയ്യാറായിട്ടില്ല. സോണിയാഗാന്ധിയാണ് ഇപ്പോഴും കോൺഗ്രസിന്റെ താത്കാലിക അദ്ധ്യക്ഷ. ഇത്രയൊക്കെ പറഞ്ഞത് ജനാധിപത്യപരമായ രീതിയിൽ പാർട്ടി നേതൃത്വത്തെ തിരഞ്ഞെടുക്കലും ഉൾപാർട്ടി ജനാധിപത്യ പ്രകിയ നിലനിറുത്തുന്നതും കോൺഗ്രസിൽ അന്യമായിരിക്കുന്നു എന്നതാണ്. മറ്ര് പ്രധാന രാഷ്ട്രീയ പാർട്ടികളും ഈ പ്രക്രിയ അനുവർത്തിക്കുന്നില്ല.
കുറച്ചു സംസ്ഥാനങ്ങളിലേ സജീവമായി പ്രവർത്തിക്കുന്നുള്ളുവെങ്കിലും സി.പി.എമ്മിൽ കൃത്യമായ ഇടവേളകളിൽ പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേന്ദ്രീകൃതജനാധിപത്യം എന്ന ന്യൂനത അതിനുണ്ടെങ്കിലും. ഇന്ത്യയിലെ മറ്റു പ്രതിപക്ഷ പാർട്ടികളാകട്ടെ ചില ജാതി ശക്തികളുടെയും വ്യക്താധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പ്രാദേശിക രാഷ്ട്രീയത്തിന്റെയും വക്താക്കളുമാണ്. നേതാക്കളുടെ തീരുമാനമാണ് അവർക്ക് അവസാന വാക്ക് . അവിടെ ജനാധിപത്യവും തിരഞ്ഞെടുപ്പുമില്ല. മക്കൾ രാഷ്ട്രീയമാണ് അവരുടെ മുഖമുദ്ര. ഇതിൽ നിന്ന് പ്രതിപക്ഷത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയും മുക്തരല്ല എന്നുവേണം പറയാൻ.
രാജ്യത്ത് ജനാധിപത്യം വേണം എന്ന് മുറവിളിയിടുന്ന പാർട്ടികളൊന്നും ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പോലും തങ്ങളുടെ പാർട്ടികളിൽ നടപ്പാക്കുന്നില്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്രവും വലിയ ബലഹീനത. ഇതു തന്നെയാണ് സ്ഥാനാർത്ഥി നിർണയത്തിലും ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കാൻ പാർട്ടികളിലും അവിടത്തെ സമ്പ്രദായങ്ങളിലും അങ്ങേയറ്രത്തെ ശുദ്ധീകരണവും അഴിച്ചുപണിയും ആവശ്യമാണ്.
ഈ സന്ദർഭത്തിലാണ് ബി.ജെ.പിയിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ മഹനീയത വെളിവാകുന്നത്. ഏതെങ്കിലും കുടുംബ മഹിമയുടെയോ അച്ഛനോ അമ്മയോ പാർട്ടി നേതൃത്വത്തിലിരുന്നതുകൊണ്ടോ അല്ല നദ്ദ പാർട്ടി അദ്ധ്യക്ഷ പദവിയിലെത്തിയത്. സ്ഥാനമൊഴിയുന്ന ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും അഹമ്മദാബാദിലെ ബി.ജെ.പിയുടെ ബൂത്ത് ഭാരവാഹി എന്ന ചുമതലയിൽ നിന്നാണ് പാർട്ടിപ്രവർത്തനം ആരംഭിച്ചത്. ഇവരൊന്നും വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവരായിരുന്നില്ല.
1980ൽ രൂപീകരിച്ചതുമുതലും അതിന് മുമ്പ് ഭാരതീയ ജനസംഘം ആയിരുന്നപ്പോഴും കൃത്യമായ സംഘടനാ തിരഞ്ഞെടുപ്പുകൾ താഴെ തട്ടുമുതൽ നടത്തുകയും 30 ശതമാനം പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തുകയും ചെയ്ത ബി.ജെ.പിയെ അഭിനന്ദിക്കേണ്ടതാണ്. ഭരണത്തിലാണെങ്കിലും അധികാരത്തിന് വെളിയിലാണെങ്കിലും പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം നിലനിറുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്.
പുതിയ തലമുറയെ ഉൾപ്പെടുത്താൻ പല ഘടകങ്ങളിലും പ്രായപരിധി ഏർപ്പെടുത്തി ബി.ജെ.പി യുവരക്തത്തെ കൊണ്ടുവരാൻ കാര്യമായ ശ്രമം നടത്തുന്നുണ്ട്. അതോടൊപ്പം പാർട്ടി ചുമതലയിൽ ഉയർന്ന പരിധി നിശ്ചയിച്ചതും നല്ല സൂചനയാണ്. പാർട്ടി അധികാരത്തുടർച്ച നേടിയ സമയത്ത് അദ്ധ്യക്ഷ പദവിയിലിരിക്കുന്നത് നദ്ദയെ സംബന്ധിച്ചിടത്തോളം അഭിമാനവും അതോടൊപ്പം വെല്ലുവിളിയുമാണ്. തുടക്കത്തിൽ എ.ബി.വി.പി പ്രവർത്തകനെന്ന നിലയിലും സാധാരണ പാർട്ടി പ്രവർത്തകനെന്ന നിലയിലും വളരെ അടിത്തട്ടിലെ പ്രവർത്തന പരിചയം നദ്ദയ്ക്കുണ്ട്. ഒരു സംഘാടകനെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും മികച്ച പ്രവർത്തന പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. ബി.ജെ.പിയുടെ രാഷ്ട്രീയ ദർശനത്തിലും ആശയപരമായ കാഴ്ചപ്പാടിലും നല്ല അവഗാഹമുള്ള നദ്ദയ്ക്ക് ബി.ജെ.പി യുടെ പ്രേരണാ സ്രോതസ്സുകളായ സംഘടനകളോടും സഹ സംഘടനകളോടും നല്ല ബന്ധമുണ്ട്. മറ്ര് രാഷ്ട്രീയ പാർട്ടി നേതാക്കളോടും നല്ലസൗഹൃദമുണ്ട്. ഭരണം മെച്ചപ്പെടുത്തലും ഭരണ നേട്ടം ജനങ്ങളിലെത്തിക്കലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കലും നദ്ദയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ തന്നെ. നദ്ദ പ്രസിഡന്റാണെങ്കിലും ഒരു പാർട്ടിയെ നയിക്കേണ്ടത് കൂട്ടായ നേതൃത്വമാണ്. അതിൽ ഒന്നാമനാണ് പ്രസിഡന്റ്. തന്റെ ചുമതലകൾ കാര്യക്ഷമായി നിർവഹിക്കാൻ നദ്ദയ്ക്ക് കഴിയുമന്ന് നമുക്ക് പ്രത്യാശിക്കാം.
ചടുലതയോടെ നീന്തിക്കയറാൻ
രാഷ്ട്രീയമുന്നേറ്റങ്ങളുടെയെല്ലാം പരീക്ഷണശാലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബീഹാറിൽ ജനനം. ഹിമാചൽ പ്രദേശ് രാഷ്ട്രീയത്തിൽ നിന്നു കളരി മുറകൾ അഭ്യസിച്ചു. അരങ്ങേറ്റം വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ. നദ്ദ ബി.ജെ.പിയുടെ അമരത്തെത്തുമ്പോൾ മുന്നിൽ പ്രതീക്ഷകളെന്ന പോലെ പരീക്ഷണങ്ങളും നിരവധി. ജയപ്രകാശ് നാരായണന്റെ ആദർശങ്ങളിൽ ആകൃഷ്ടനായി വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്ന നദ്ദയ്ക്ക് സാഹസികതയോടും പരീക്ഷണങ്ങളോടും എന്നും മമതയാണ്.
അമിത് ഷായുടെ പിൻഗാമിയായി എത്തുന്ന നദ്ദയ്ക്ക് അടിയൊഴുക്കുകളെ പേടിയില്ല. കുത്തൊഴുക്കിനെ നേരിടാനുള്ള ആത്മവിശ്വാസവും ആവോളം. കാരണം സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ബീഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. എതിർപ്പുകളെ അടിയറവ് പറയിക്കാനുള്ള രാഷ്ട്രീയ മേയ് വഴക്കവുമുണ്ട്. നേരത്തേ മോദി സർക്കാരിൽ ആരോഗ്യവകുപ്പ് മന്ത്രിയായി തിളങ്ങി. മികവും കാട്ടി.
അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോൾ നദ്ദയെ വർക്കിംഗ് പ്രസിഡന്റായി നിശ്ചയിച്ചു. തുടർന്നു നടന്ന മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ആ ക്ഷീണം ഇനി മറി കടക്കണം. ഏതു വെല്ലുവിളിയെയും ആഘോഷപൂർവ്വം ഏറ്റെടുക്കുന്ന അമിത് ഷായുടെ ശൈലി പിന്തുടരുകയും വേണം.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കൺമുന്നിലാണ്. പിന്നാലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. അവിടെ സഖ്യകക്ഷിയായ ജെ.ഡി.യു പൗരത്വബിൽ പ്രശ്നത്തിൽ സൗന്ദര്യപ്പിണക്കത്തിലാണ്. അത് മാറ്റിയെടുക്കണം. അടുത്തവർഷം ബംഗാളിലും അസമിലും തിരഞ്ഞെടുപ്പാണ്.
മൂന്നുവട്ടം ഹിമാചലിൽ നിയമസഭാംഗമായി സാംസ്കാരിക - സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ഹിമാചൽ പ്രദേശ് ഒളിമ്പിക് അസോസിയേഷൻ, ഹാൻഡ് ബാൾ അസോസിയേഷൻ എന്നീ സംഘടനകളുടെയും സാരഥിയായി. ഇതെല്ലാം രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടാനുള്ള കരുത്തായി മാറുമെന്ന് വിശ്വസിക്കാം. അമ്പത്തിയൊൻപതുകാരനായ നദ്ദ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു. മല്ലിക നദ്ദയാണ് ഭാര്യ. രണ്ട് പുത്രന്മാരുണ്ട്.