corona-virus

കൊറോണ വൈറസ് മാരകമായ സാർസ് രോഗത്തിന് വഴിയൊരുക്കിയതിനാലാണ് ലോകാരോഗ്യ സംഘടന രോഗബാധ ഏറെ ഗൗരവമായി കാണുന്നത്. എന്നുകരുതി രോഗത്തെ ഭീതിയോടെ കാണേണ്ടതില്ല. എന്നാൽ ജാഗ്രത പാലിക്കുകയും മുൻകരുതലെടുക്കുകയും വേണം.

ശക്തിയായ പനി, ശ്വാസതടസം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പുതിയ കൊറോണ വൈറസിന്റെ മുഴുവൻ ജനിതക ഘടനയും ചൈന Novel corona virus 2019 in Cor 2019 എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൈനയിൽ കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശരോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ജപ്പാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിലും രോഗബാധ കണ്ടെത്തി. ഇന്ത്യൻ വംശജയായ ചൈനയിലെ അദ്ധ്യാപികയിലും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്ധ്യചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. തായ്ലന്റിൽ നിന്നും ജപ്പാനിൽ നിന്നും വുഹാനിലെത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസാണ് രോഗകാരണമെന്ന് കണ്ടെത്തിയെങ്കിലും വൈറസിന്റെ ഉറവിടത്തെക്കുറിച്ച് സംശയങ്ങൾ ഏറെയുണ്ട്. രോഗം വൂഹാനിലെ കടൽ ഭക്ഷ്യോത്‌പ്പന്ന, വന്യജീവി തെരുവിൽ നിന്നാണ്
പകർന്നതെന്ന അഭ്യൂഹവും നിലനിൽക്കുന്നു. ജന്തുജന്യ രോഗമാണോയെന്ന്
സ്ഥിരീകരിച്ചിട്ടില്ല.
കൊറോണ വൈറസിന്റെ പെട്ടെന്നുള്ള ജനിതക വ്യതിയാനം വഴിയുള്ള പുതിയ വകഭേദമാകാം
രോഗമുണ്ടാക്കിയത് എന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ രോഗപര്യവേക്ഷണ പ്രവർത്തനം
ഊർജ്ജിതാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.
യു.കെ. യിലെ ലണ്ടൻ ഇംപീരിയിൽ കോളേജിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ രോഗം
ഇതിനകം 1723 പേരിലെത്താനുള്ള സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളാണ് 2002ൽ 800 ഓളം പേരുടെ മരണത്തിനിടയാക്കിയ സാർസ് രോഗത്തിനും 2012-ലെ മിഡിൽ ഈസ്റ്റ്-റെസ്‌പിരേറ്ററി സിൻഡ്രോമിനും വഴിയൊരുക്കിയത്.
കൊറോണ വൈറസിൽ നിരവധി ഉപവിഭാഗങ്ങളുണ്ടെങ്കിലും ആറ്
സ്‌ട്രെയിനുകൾ /വകഭേദങ്ങൾ രോഗബാധയ്‌ക്ക് ഇടയാക്കും. ജലദോഷത്തിന് ഇടയാക്കുന്ന കൊറോണ വൈറസുകളുമുണ്ട്.

ലോകാരോഗ്യ സംഘടന രോഗബാധ വിലയിരുത്തുന്നതോടൊപ്പം വേണ്ട മുൻകരുതലുകളെടുക്കാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യ ഇതിനകം തന്നെ
രോഗനിയന്ത്രണത്തിനുള്ള മുന്നറിയിപ്പുകൾ പുറത്തിറക്കി.

മുൻകരുതൽ

1 . രോഗബാധ നിയന്ത്രിക്കാൻ ജൈവസുരക്ഷിതത്വ നടപടികൾ സ്വീകരിക്കണം. ചൈനയിലേക്ക്,​ പ്രത്യേകിച്ച് മദ്ധ്യ ചൈനയിലേക്കുള്ള യാത്ര തത്‌കാലം ഒഴിവാക്കുക

2 . പനി, ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ യാത്ര പരമാവധി മാറ്റിവയ്ക്കണം.

3. രോഗബാധ സംശയിക്കുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ മുഖംമൂടി ധരിക്കണം. കൈ ആന്റിസെപ്‌റ്റിക്ക് ലോഷനുപയോഗിച്ച് കഴുകണം.

4 . ചൈന സന്ദർശിച്ചശേഷം രോഗലക്ഷണങ്ങളുണ്ടെങ്കിൽ അടിന്തരമായി ആരോഗ്യ വകുപ്പധികൃതരുമായി ബന്ധപ്പെടണം.
താരതമ്യേന അന്തരീക്ഷോഷ്മാവ് കുറഞ്ഞ ജനുവരി മാസത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന
രോഗലക്ഷണങ്ങളെക്കുറിച്ച് ഭീതിപ്പെടേണ്ട ആവശ്യമില്ല. എന്നാൽ രോഗത്തെക്കുറിച്ച് ജാഗ്രത വേണമെന്നുമാത്രം !