-yesudas

കോഴിക്കോട്: ഗാനഗന്ധർവൻ യേശുദാസ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിലെ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തിൽ കയറാനാണ് തനിക്ക് ആഗ്രഹമെന്ന് യേശുദാസും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗായകന് ഇനിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവും ഉദുമ എം.എല്‍.എയുമായ കെ.കുഞ്ഞിരാമന്‍ രംഗത്തെത്തി.

ഒരു മാസികയ്ക്കയച്ച കുറിപ്പിലാണ് എം.എൽ.എയുടെ പ്രതികരണം. 'എസ്.ഗോപാലകൃഷ്ണന്റെ ലേഖനത്തില്‍ പറഞ്ഞതുപോലെ യേശുദാസിനെ ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശിപ്പിക്കാന്‍ മടികാണിക്കുന്ന നമ്മുടെ ഒരു സമൂഹത്തിന്റെ കൊള്ളരുതായ്മയെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാലത്ത് ഭക്തരില്‍ ഭക്തിയുള്ള ഒന്നാമന്‍ കെ.ജെ യേശുദാസ് ആണെന്ന് താന്‍ വിശ്വസിക്കുന്നു. 'ഭക്തന്‍മാര്‍ തരികിലേ മുക്തിക്ക് രസമുള്ളൂ ഭക്തന്‍മാര്‍ തന്നതെല്ലാം മുക്തിക്ക് രസംതന്നെ' എന്നാണ് ശ്രീകൃഷ്ണന്‍ വിദുരരുടെ ക്ഷണം സ്വീകരിക്കുന്ന വേളയില്‍ പറയുന്നതെന്ന് ഇന്നത്തെ ഭക്തര്‍ ഓര്‍ക്കണമെന്നും കെ. കുഞ്ഞിരാമന്‍ പറയുന്നു.