solar-eclipse

ജയ്പൂര്‍: വലയസൂര്യഗ്രഹണം നഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ പാടില്ലെന്ന മുന്നറിയിപ്പുകൾ നൽകിയിട്ടും അത് വകവയ്ക്കാത്ത നേരിട്ട് ഗ്രഹണം കണ്ട 15 പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദർശിച്ചവർക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ളവർക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. ജയ്പൂരിലെ സവായ് മാന്‍ സിംഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇവരുടെ കാഴ്ച പൂർണ്ണമായും വീണ്ടെടുക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ച ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സൂര്യനെ എത്ര നേരം നോക്കിയെന്നതനുസരിച്ചിരിക്കും കാഴ്ച നഷ്ടത്തിന്റെ തീവ്രത. റെറ്റിനയിൽ വേദന റിസെപ്‌റ്റേഴ്‌സ് ഇല്ലാത്തതിനാൽ ആദ്യമൊന്നും ആ ഭാഗത്തെ പരുക്ക് മനസിലാക്കാൻ സാധിക്കില്ല. സാധാരണ ഗതിയിൽ സൂര്യൻ തലക്ക് മീതെ എത്തുമ്പോഴാണ് രശ്മികൾ തീവ്രമാകുന്നത്. എന്നാൽ ആ സമയത്ത് സൂര്യനെ നേരിട്ട് നോക്കിയാൽ കണ്ണിലെ കൃഷ്ണമണി ചുരുങ്ങി യു.വി രശ്മികൾ അധികം കയറാതെ നോക്കിക്കൊള്ളും. അതേസമയം,​ ഗ്രഹണ സമയത്ത് തീവ്രതയേറിയ യു.വി രശ്മികൾ തുറന്ന കൃഷ്ണമണിയിലൂടെ കടന്ന് കണ്ണുകളിൽ പതിയുകയാണ് ചെയ്യുക.

നൂറ്റാണ്ടിലെ ഏറ്റവും വലിയ വലയ സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന് ദൃശ്യമായത്. ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങള്‍ തമ്മിലുള്ള ചെറിയ ചെരിവ് കാരണം ഗ്രഹണങ്ങള്‍ അപൂര്‍വമായി മാത്രമാണ് സംഭവിക്കുന്നത്. നഗ്‌ന നേത്രങ്ങള്‍കൊണ്ട് ഈ സമയത്ത് സൂര്യനെ കാണരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.