odakkali-church

പെരുമ്പാവൂർ: ഓടക്കാലി സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് സഭാ വിശ്വാസികളെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. കോടതി വിധി നടപ്പാക്കാൻ പൊലീസ് അകമ്പടിയോടെയാണ് ഓർത്തഡോക്സ് വിശ്വാസികൾ എത്തിയത്. യാക്കോബ വിശ്വാസികൾ പള്ളിയുടെ ഗേറ്റ് താഴിട്ട് പൂട്ടിയതിനാൽ പള്ളിമുറ്റത്തേക്ക് പ്രവേശിക്കാൻ ഓർത്തഡോക്സ് വിശ്വാസികൾക്ക് സാധിച്ചില്ല. തുടർന്ന് പൂട്ട്പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് കോടതി വിധി നടപ്പാക്കാനായി പള്ളിയിലേക്ക് എത്തിയത്. കോടതി വിധി നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ബലപ്രയോഗത്തിലൂടെ അകത്ത് പ്രവേശിക്കാൻ പൊലീസും ഓർത്തഡോക്സ് വിശ്വാസികളും ശ്രമിച്ചത് യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി. പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പൊലീസ് പ്രതിരോധത്തിലായരിക്കുകയാണ്. തടയാനെത്തിയവരെ പിടിച്ചു മാറ്റി അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ എത്തിയതോടെ പൊലീസിനു പിൻമാറേണ്ടി വന്നു. സമാധാന പരമായി പ്രശ്നങ്ങൾ പരിഹരിക്കാനായി പൊലീസ് വൈദികരുമായി കൂടിക്കാഴച നടത്തുകയാണ്.

യാക്കോബായ വിശ്വാസികൾ ശക്തമായ പ്രതിരോധമാണ് പള്ളിക്ക് മുന്നിൽ തീർത്തിരിക്കുന്നത്. താഴ് പൊളിക്കുന്നതിന് മുമ്പ് മതിൽ ചാടി അകത്ത് കടക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിശ്വാസികൾ ശക്തമായി പ്രതിരോധിച്ചതോടെ പിന്മാറുകയായിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കാതെ പിന്മാറില്ല എന്ന നിലപാടിലാണ് പൊലീസ്.

പള്ളി വിട്ടുകൊടുക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ല എന്ന് യാക്കോബായ വിശ്വാസികൾ പറഞ്ഞു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴി‌ഞ്ഞ മാസവും ഓർത്തഡോക്സ് വിശ്വാസികൾ പള്ളിക്കകത്ത് പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് സാധിച്ചിരുന്നില്ല.