തിരുവനന്തപുരം : തലസ്ഥാനത്തു രാവണൻ കോട്ടപോലെയുള്ള ബസ്സ്റ്റാൻഡ് പണിതിട്ടും അത് ശരിയാം വണ്ണം ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിമർശനങ്ങൾ ശരിവയ്ക്കുന്ന അനുഭവമാണ് ഇപ്പോൾ ദീർഘദൂര ബസ് യാത്രക്കാർക്കുള്ളത്. കെ.എസ്.ആർ.ടി.സിയിലെ ഏറെ ജനപ്രിയവും വരുമാനവും നൽകുന്ന തിരുവനന്തപുരം കൊല്ലൂർ മൂകാംബിക സ്‌കാനിയ ബസിലെ യാത്രക്കാരെയാണ് വഴിയോരത്ത് നിർത്തിപൊരിക്കുന്നത്. അത്യാധുനിക സംവിധാനമുള്ള സ്റ്റാൻഡായിട്ടു കൂടി യാത്രക്കാരോട് റെയിൽവേ സ്‌റ്റേഷനുമുന്നിൽ ബസ് കാത്തുനിൽക്കാൻ ആവശ്യപ്പെടുകയാണ് അധികൃതർ. ഓൺലൈൻ മുഖാന്തരം ടിക്കറ്റെടുക്കുന്നവരാണ് ബസ് കയറുന്നതിനായി സ്റ്റാൻഡിലെത്തുന്നത്. എന്നാൽ അവിടെ എത്തി തിരക്കുമ്പോഴാണ് റെയിൽവേ സ്‌റ്റേഷന് മുന്നിൽ നിൽക്കുവാൻ പറയുന്നത്. ഇതിനെ കുറിച്ച് എന്തെങ്കിലും ചോദ്യമുയർന്നാൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തട്ടികയറുന്ന പതിവുണ്ടെന്നും ആരോപണമുണ്ട്.
കൊല്ലൂർ മൂകാംബിക സ്‌കാനിയ ബസ് സർവീസ് ആരംഭിച്ചത് മുതൽ തമ്പാനൂർ സ്റ്റാൻഡിൽ നിന്നാണു പുറപ്പെട്ടിരുന്നത്. എന്നാൽ അടുത്തിടെയാണ് ഈ സർവീസിനെ ഇവിടെ നിന്നും മാറ്റിയത്. യാത്രക്കാർക്ക് വിശ്രമകേന്ദ്രവും ശുചിമുറിയടക്കമുള്ള കാത്തിരിപ്പ് കേന്ദ്രവും നൽകണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് പെരുവഴിയിൽ നിന്നും കയറ്റിക്കൊണ്ട്‌പോകുന്നത്