കൊച്ചി: ഇന്ത്യൻ കമ്പനികൾക്ക് വിദേശങ്ങളിൽ പ്രവർത്തന മികവ് തെളിയിക്കാൻ വഴിയൊരുക്കി കേന്ദ്ര സർക്കാരിന് കീഴിലുള്ള എക്‌സ്‌പോർട്ട് - ഇംപോർട്ട് (എക്‌സിം) ബാങ്കിന്റെ ലൈൻസ് ഒഫ് ക്രെഡിറ്ര് (എൽ.ഒ.സി) പദ്ധതി. വികസ്വര രാജ്യങ്ങളിലെ സർക്കാരുകൾക്ക് വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിക്കുന്ന വായ്‌പയാണിത്.
നിർദ്ദിഷ്‌ട പദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് മാത്രമേ ടെൻഡർ കിട്ടൂ. ഇത്, ചെറുതും വലുതുമായ കമ്പനികൾക്ക് വിദേശത്ത് മികച്ച അവസരങ്ങൾ സമ്മാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി എ. അജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൃഷി, നിർമ്മാണം, റോഡ്, റെയിൽ, തുറമുഖം, ജലസേചനം, ഊർജോത്പാദനം, സാങ്കേതികവിദ്യ, വൈദ്യുതിവത്കരണം, പെട്രോകെമിക്കൽ തുടങ്ങിയ പദ്ധതികൾക്കാണ് കേന്ദ്രത്തിന്റെ പൂർണ ഗ്യാരന്റിയോടെ എൽ.ഒ.സി നൽകുന്നത്. യോഗ്യതയും മികവുമുള്ള കമ്പനികൾക്ക് ടെൻഡർ നേടാം. നിർദ്ദിഷ്‌ട പദ്ധതിയിലേക്ക് മാനവവിഭവശേഷി, അസംസ്‌കൃത വസ്‌തുക്കൾ തുടങ്ങി മൊത്തം തുകയുടെ 75 ശതമാനം ഇന്ത്യയിൽ നിന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്ലാതെ, വിദേശത്ത് ബിസിനസുകൾ നേടാൻ ഇന്ത്യൻ കമ്പനികൾക്ക് ഉപയോഗപ്രദമാണ് എൽ.ഒ.സിയെന്ന് എക്‌സിം ബാങ്ക് ചീഫ് ജനറൽ മാനേജർ സുദത്ത മണ്ഡൽ പറഞ്ഞു.
വികസനത്തിന് കൈത്താങ്ങ്
വികസ്വര രാജ്യങ്ങളുടെ അപേക്ഷാർത്ഥം വിവിധ പദ്ധതികൾക്ക് ഇന്ത്യ അനുവദിക്കുന്ന വായ്‌പയാണ് എൽ.ഒ.സി. അഞ്ച് ഭൂഖണ്ഡങ്ങളിലായി ഒട്ടനവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതുവഴി കൈത്താങ്ങായി.
ചില പദ്ധതികൾ ഇങ്ങനെ:
മംഗോളിയയിൽ 130 കോടി ഡോളറിന്റെ പെട്രോകെമിക്കൽ പദ്ധതി
ബംഗ്ളാദേശിൽ രണ്ടും മാലിദ്വീപിൽ ഒന്നും തുറമുഖങ്ങൾ
ഖാനയിൽ പോർട്ടബിൾ വാട്ടർ പദ്ധതി
ശ്രീലങ്കയിൽ റെയിൽവേ നിർമ്മാണം
മൗറീഷ്യസിൽ മൃതശരീരം ദഹിപ്പിക്കാനുള്ള ഇൻസിനറേറ്റർ
ക്യൂബയിൽ സോളാർ പാർക്കുകൾ
$2,515 കോടി
കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം ഇതിനകം 61 രാജ്യങ്ങൾക്കായി 2,515 കോടി ഡോളറിന്റെ, 257എൽ.ഒ.സി (വികസന പദ്ധതികൾക്കുള്ള വായ്‌പ) എക്‌സിം ബാങ്ക് നൽകി.
$3,062 കോടി
മൊത്തം 550 കോടി ഡോളർ മൂല്യമുള്ള 41 എൽ.ഒ.സികൾ കൂടി എക്‌സിം ബാങ്കിന്റെ പരിഗണനയിലാണ്. ഇതുചേരുമ്പോൾ മൊത്തം തുക 3,062 കോടി ഡോളറാകും. ആകെ എൽ.ഒ.സി 298. നേട്ടമുണ്ടാക്കുന്ന രാജ്യങ്ങൾ 64.
ഏഷ്യയും ആഫ്രിക്കയും
ഇതിനകമുള്ള എൽ.ഒ.സിയുടെ മൊത്തം മൂല്യത്തിൽ ഏഷ്യയാണ് മുന്നിൽ. എൽ.ഒ.സി എണ്ണത്തിൽ മുന്നിൽ ആഫ്രിക്കയാണ്.
കേരളത്തിനും നേട്ടം കൊയ്യാം
''എൽ.ഒ.സിയുടെ നേട്ടം കൊയ്യാൻ കഴിവുള്ള ഒട്ടേറെ കമ്പനികൾ കേരളത്തിലുണ്ട്. എം.എസ്.എം.ഇകളുടെ നാടാണ് കേരളം. ഈയിടെ ഒരു കേരള കമ്പനി നേപ്പാളിൽ ഹൈവേ നിർമ്മാണത്തിന് യോഗ്യത നേടിയിരുന്നു. ബോധവത്കരണത്തിലൂടെ കൂടുതൽ കേരള കമ്പനികളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ"
എ. അജയകുമാർ,
ജോയിന്റ് സെക്രട്ടറി,
വിദേശകാര്യ മന്ത്രാലയം