സമ്മർദ്ദം എന്നത് ജീവിതത്തിന്റെ ഭാഗമല്ല. ജീവിതരീതിയോ ജോലിയോ കുടുംബമോ നിലനില്ക്കുന്ന സാഹചര്യങ്ങളോ അല്ല നിങ്ങളെ സമ്മർദ്ദത്തിലാക്കുന്നത്. ശരീരം, മനസ്, വികാരങ്ങൾ, ഊർജ്ജം എന്നിവയെ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവില്ലായ്മയാണ് സമ്മർദ്ദമുണ്ടാക്കുന്നത്. ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവാണ് അതിനു കാരണം.
സമ്മർദ്ദം എന്നത് യന്ത്രത്തിലെ ഘർഷണം പോലെയാണ്. അത് സംഭവിക്കുന്നത് യന്ത്രത്തിലെ ഏതെങ്കിലും ഭാഗത്തിന്റെ തെറ്റായ പ്രവർത്തനം കൊണ്ടോ വേണ്ടത്ര ലൂബ്രിക്കേഷൻ ഇല്ലാത്തതു കൊണ്ടോ ആകാം. ഘർഷണം എത്രത്തോളം കുറയ്ക്കുന്നുവോ, യന്ത്രം അത്രത്തോളം കാര്യക്ഷമമാകുന്നു. നമ്മൾ പിരിമുറുക്കത്തെ നിയന്ത്രിക്കുകയോ അത് പുറത്ത് വരാതെ സൂക്ഷിക്കുകയോ അല്ല ചെയ്യേണ്ടത്. പിരിമുറുക്കം സൃഷ്ടിക്കാതിരിക്കുകയാണ് വേണ്ടത്.
നിങ്ങൾ ലളിതമായ യോഗ പ്രക്രിയ ചെയ്യുമ്പോൾ നിങ്ങളുടെ മൊത്തം സിസ്റ്റം എത്ര അനായാസമായി പ്രവർത്തിക്കുന്നതായി കാണുന്നില്ലേ. അവിടെ പിരിമുറുക്കം എന്നൊരു കാര്യമേയില്ല. പൂർണസ്വസ്ഥതയാണ് എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാനം. നിങ്ങളുടെയുള്ളിൽ എല്ലാം അനായാസമായി നടന്നാൽ മാത്രമേ നിങ്ങൾക്ക് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കൂ. ശ്രമകരമല്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിയുമ്പോൾ, സ്വാഭാവികമായും പിരിമുറുക്കം ഉണ്ടാവുകയേയില്ല.
ആളുകൾ യോഗ ചെയ്യുന്നത് ശാരീരികമോ മാനസികമോ ആയ വ്യായാമത്തിനായിട്ടാണ്. ശരിക്കും ഇത് ശാരീരികമോ മാനസികമോ അല്ല; യഥാർത്ഥത്തിൽ നിങ്ങളുടെ ജീവന്റെ കാതലുമായി അതിന് ബന്ധമുണ്ട്. ചെയ്യുന്ന യോഗയിൽ നിങ്ങൾ പൂർണമായും മുഴുകുന്നില്ലെങ്കിൽ, ദീക്ഷയായിട്ടല്ലാതെ കുറെ നിർദേശങ്ങളായിട്ടാണ് നിങ്ങൾക്ക് യോഗ പഠിപ്പിച്ചു തന്നതെങ്കിൽ അതിനർത്ഥം നിങ്ങൾ യോഗയെ വിമാനമായിട്ട് ഉപയോഗിക്കേണ്ടതിന് പകരം ഒരു കാറായി മാത്രം ഉപയോഗിക്കുന്നു എന്നാണ് . ഞാൻ നിങ്ങൾക്ക് ഒരു വിമാനം തരുന്നു എന്നും , അതെന്താണെന്ന് നിങ്ങൾക്കറിയില്ല എന്നും കരുതുക; നിങ്ങൾക്ക് മറ്റ് വാഹനങ്ങളെ മാത്രമേ പരിചയമുള്ളൂ. വിമാനത്തിന് വഴിയിലെ കെട്ടിടങ്ങളെയും വിളക്കുമരങ്ങളെയും ഇടിക്കുന്ന രണ്ടു വൃത്തികെട്ട ചിറകുകളുമുണ്ട്, അപ്പോൾ നിങ്ങൾ അതിന്റെ ചിറകുകൾ മുറിച്ചു മാറ്റി സന്തോഷത്തോടെ റോഡിലൂടെ ഓടിക്കും. അതുപോലെ യോഗ ചെയ്തതിനാൽ നിങ്ങളുടെ നടുവ് വേദന മാറുന്നു, തൈറോയ്ഡ് പ്രശ്നങ്ങൾ മാറുന്നു. അതിൽ നിങ്ങൾ സന്തോഷിക്കുന്നു, പക്ഷെ അതെല്ലാം വളരെ പരിമിതമായ ഫലങ്ങൾ മാത്രമാണ്. പറക്കുക എന്നത് എന്താണെന്ന് അറിയുന്ന ഒരാൾ ചിറകുകൾ മുറിച്ച ഒരു വിമാനം കാണുകയാണെങ്കിൽ ഉറപ്പായിട്ടും അയാൾക്ക് കരച്ചിൽ വരും.
ഇപ്പോൾ വൻതോതിൽ എല്ലായിടത്തും യോഗ പ്രോഗ്രാമുകൾ നടക്കുന്നത് ഞാൻ കാണാറുണ്ട്, ശരിക്കും വളരെ ദയനീയമാണ്. യോഗ ഒരിക്കലും പിരിമുറുക്കങ്ങൾക്കുള്ള പരിഹാരമല്ല. യോഗ എന്നാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്.